തൃക്കാക്കര: ജില്ലയിലെ വില്ലേജ് ഓഫീസ് മുതൽ കളക്ടറേറ്റ് വരെയുള്ള റവന്യു ഓഫീസുകളുടെ ആധുനികവത്കരണം രണ്ടുവർഷത്തിനകം പൂർത്തിയാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ജനങ്ങൾ ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളെ ജനാധിപത്യവത്കരിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കാക്കനാട് കളക്ടറേറ്റിലെ നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി പി.രാജീവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ജാഫർ മാലിക്, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അജിത തങ്കപ്പൻ,പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. ഇന്ദു , അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു. 50 ലക്ഷം രൂപ വകയിരുത്തിയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കോൺഫറൻസ് ഹാളിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. വേദിയും മേശകളും പോഡിയവും നവീകരിച്ചു. ചുമരുകളിലും തൂണുകളിലും തേക്ക് കൊണ്ടുള്ള പാനൽ വർക്കും ചെയ്തിട്ടുണ്ട്. ഇലക്ട്രിക് സംവിധാനങ്ങളും ശബ്ദ സംവിധാനങ്ങളും പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. ഓൺലൈൻ മീറ്റിംഗുകൾ നടത്താനാവശ്യമായ ഉപകരണ സംവിധാനങ്ങളും കോൺഫറൻസ് ഹാളിൽ ഒരുക്കിയിട്ടുണ്ട്.