തൃക്കാക്കര: കേരളത്തെ പുതുക്കി പണിയാൻ സഹായിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. അന്തർ തൊഴിലാളികളുടെ ക്ഷേമത്തിനായി കാക്കനാട് സിവിൽ സ്റ്റേഷനിൽ ആരംഭിച്ച ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ് വെൽഫെയർ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും തൊഴിൽ വകുപ്പിന്റെയും നേതൃത്വത്തിൽ തൊഴിലാളികൾക്കിടയിലും തൊഴിൽ ദാതാക്കൾക്കിടയിലും അതിനായി പ്രത്യേക ബോധവൽക്കരണ പരിപാടി നടത്തും. മൈഗ്രന്റ് ലിങ്ക് വർക്കർ ഫോഴ്സിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജാഫർ മാലിക് നിർവഹിച്ചു. ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ് വെൽഫെയർ ഓഫീസിന്റെ പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പൊലീസ്, എക്‌സൈസ്, തൊഴിൽ, വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച മലയാളം സംസാരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് മൈഗ്രന്റ് ലിങ്ക് വർക്കർ ഫോഴ്സിന്റെ ഭാഗമാകുന്നത്. തൊഴിലാളികൾക്ക് ആവശ്യമായ സഹായം ഒരുക്കുന്നത് മൈഗ്രന്റ് ലിങ്ക് വർക്കർ ഫോഴ്സിന്റെ സഹായത്തോടെ ആയിരിക്കും. ജില്ലയിൽ നിലവിൽ 9 പേരാണ് മൈഗ്രന്റ് ലിങ്ക് വർക്കർ ഫോഴ്സിന്റെ ഭാഗമായിട്ടുള്ളത്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർപേഴ്‌സണും ജില്ലാ ജഡ്ജും സെഷൻസ് ജഡ്ജുമായ ഹണി എം. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കെൽസ അംഗ സെക്രട്ടറിയും അഡീഷണൽ ജില്ലാ ജഡ്ജിയുമായ കെ.ടി.നിസാർ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ പി.എം.സുരേഷ്, മുൻ ഡി.പി.എം. ഡോ. മാത്യൂസ് നമ്പേലിൽ, ദേശീയ ആരോഗ്യ ദൗത്യം പ്രൊജക്റ്റ് ഓഫീസർ ഡോ.സജിത്ത് ജോൺ, പെട്രോനെറ്റ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.