gdp

 മൂന്നാംപാദ ജി.ഡി.പി വളർച്ച 5.4 ശതമാനം

കൊച്ചി: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് അതിവേഗം കരകയറുന്നതിനിടെ നടപ്പുവർഷത്തെ മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബറിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നേരിയ ക്ഷീണം. മൂന്നാംപാദ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി)​ വളർച്ച 5.4 ശതമാനമായി താഴ്‌ന്നു. രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ വളർച്ച 8.5 ശതമാനമായിരുന്നു.

നടപ്പുവർഷത്തെ ഏറ്റവും താഴ്‌ന്ന ത്രൈമാസ വളർച്ചയാണ് കഴിഞ്ഞപാദത്തിലേത്. 2020-21ലെ മൂന്നാംപാദത്തിലെ 36.26 ലക്ഷം കോടി രൂപയിൽ നിന്ന് 5.4 ശതമാനം വർദ്ധനയുമായി 38.22 ലക്ഷം കോടി രൂപയാണ് കഴിഞ്ഞപാദത്തിലെ ജി.ഡി.പി മൂല്യമെന്ന് കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ളിമെന്റേഷൻ മന്ത്രാലയത്തിന് കീഴിലെ നാഷണൽ സ്റ്റാറ്റിസ്‌റ്റിക്‌സ് ഓഫീസിന്റെ (എൻ.എസ്.ഒ)​ റിപ്പോർട്ട് വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്റെ നികുതിവരുമാനം കൂട്ടാതെയുള്ള ജി.ഡി.പി വളർച്ചയായ ഗ്രോസ് വാല്യു ആഡഡ് (ജി.വി.എ)​ കഴിഞ്ഞപാദത്തിൽ 4.7 ശതമാനം വളർന്നു. 8.4 ശതമാനമായിരുന്നു സെപ്തംബർപാദ വളർച്ച. നാണയപ്പെരുപ്പം കണക്കാക്കാതെയുള്ള വളർച്ച (നോമിനൽ ജി.ഡി.പി വളർച്ച)​ പാദാടിസ്ഥാനത്തിൽ 19.3 ശതമാനത്തിൽ നിന്ന് 15.7 ശതമാനത്തിലേക്കും കുറഞ്ഞു.

₹38.22 ലക്ഷം കോടി

ഒക്‌ടോബർ-ഡിസംബർപാദത്തിലെ ജി.ഡി.പി മൂല്യം 38.22 ലക്ഷം കോടി രൂപ. 2020-21ലെ സമാനപാദത്തിൽ 36.26 ലക്ഷം കോടി രൂപയായിരുന്നു.

വളർച്ചയുടെ കാലം

(ജി.ഡി.പി വളർച്ച മുൻപാദങ്ങളിൽ)​

2020-21

 ഏപ്രിൽ-ജൂൺ : -23.8%

 ജൂലായ്-സെപ്‌തംബർ : -6.6%

 ഒക്‌ടോബർ-ഡിസംബർ : 0.7%

 ജനുവരി-മാർച്ച് : 1.6%

2021-22

 ഏപ്രിൽ-ജൂൺ : 20.1%

 ജൂലായ്-സെപ്‌തംബർ : 8.5%

 ഒക്‌ടോബർ-ഡിസംബർ : 5.4%

₹236.44 ലക്ഷം കോടി

നാണയപ്പെരുപ്പം കണക്കാക്കാതെയുള്ള സാമ്പത്തികവളർച്ച അഥവാ നോമിനൽ ജി.ഡി.പി മൂല്യം നടപ്പുവർഷം (2021-22)​ 236.44 ലക്ഷം കോടി രൂപയായിരിക്കും എന്നാണ് കേന്ദ്ര പ്രതീക്ഷ. 2020-21ലെ 198.01 ലക്ഷം കോടി രൂപയേക്കാൾ 19.4 ശതമാനം അധികമാണിത്.

₹147.72 ലക്ഷം കോടി

മൊത്തം ആഭ്യന്തര ഉത്‌പാദന,​ സേവന മേഖലകളുടെ മൂല്യം 147.72 ലക്ഷം കോടി രൂപയിലേക്ക് നടപ്പുവർഷം ഉയർന്നേക്കുമെന്ന് കേന്ദ്രം കരുതുന്നു. മുൻവർഷം ഇത് 135.58 ലക്ഷം കോടി രൂപയായിരുന്നു.

നടപ്പുവർഷം പ്രതീക്ഷ

8.9 ശതമാനം

നടപ്പുവ‍ർഷത്തെ (2021-22)​ വളർച്ചാപ്രതീക്ഷ കേന്ദ്രസർക്കാർ നേരത്തെ വിലയിരുത്തിയിരുന്ന 9.2 ശതമാനത്തിൽ നിന്ന് 8.9 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചു. 2020-21ലെ വളർച്ചാനിരക്ക് നെഗറ്റീവ് 7.3 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 6.6 ശതമാനമായി പുനർനിർണയിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്നിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട 2019-20ലെ വളർച്ചാനിരക്ക് 4 ശതമാനത്തിൽ നിന്ന് 3.7 ശതമാനത്തിലേക്കും വെട്ടിക്കുറച്ച് പുനർനിർണയിച്ചു.

 നടപ്പുപാദത്തിലെയും (ജനുവരി-മാർച്ച്)​ നടപ്പുവർഷത്തെയും (2021-22)​ ജി.ഡി.പി വളർച്ചാക്കണക്ക് കേന്ദ്രം മേയ് 31ന് പുറത്തുവിടും.

തളർച്ചയുടെ ട്രാക്കിൽ

(കഴിഞ്ഞപാദത്തിൽ സുപ്രധാന മേഖലകളുടെ വളർച്ച - ബ്രായ്ക്കറ്റിൽ രണ്ടാംപാദ വളർച്ച)​

 കാർഷികം 2.6% (3.7%)​

 ഖനനം 8.8% (14.2%)​

 മാനുഫാക്‌ചറിംഗ് 0.2% (5.6%)​

 വൈദ്യുതി 3.7% (8.5%)​

 നിർമ്മാണം -2.8% (8.2%)​

 വ്യാപാരം,​ ഗതാഗതം 6.1% (9.5%)​

 ധനകാര്യം 4.6% (6.2%)​

 പൊതുഭരണം 16.8% (19.5%)​

നിക്ഷേപവും ഉപഭോഗവും

സ്വകാര്യ ഉപഭോഗം കഴിഞ്ഞപാദത്തിൽ ഏഴു ശതമാനം വളർന്നു. 10.2 ശതമാനമായിരുന്നു സെപ്തംബർപാദ വളർച്ച. നിക്ഷേപ വളർച്ച 14.6 ശതമാനത്തിൽ നിന്ന് രണ്ടു ശതമാനത്തിലേക്കും സർക്കാർ ഉപഭോഗ വളർച്ച 9.3 ശതമാനത്തിൽ നിന്ന് 3.4 ശതമാനത്തിലേക്കും തളർന്നു.

മുഖ്യവ്യവസായത്തിലും ക്ഷീണം

കൊവിഡ് മൂന്നാംതരംഗം വീശിയടിച്ചതുമൂലം ഇന്ത്യയുടെ മുഖ്യ വ്യവസായരംഗം ജനുവരിയിൽ തളർച്ച നേരിട്ടു. ഡിസംബറിലെ 4.1 ശതമാനത്തിൽ നിന്ന് 3.7 ശതമാനമായാണ് വളർച്ച കുറഞ്ഞത്.

കൽക്കരി,​ ക്രൂഡോയിൽ,​ പ്രകൃതിവാതകം,​ റിഫൈനറി ഉത്പന്നങ്ങൾ,​ വളം,​ വൈദ്യുതി,​ സ്‌റ്റീൽ,​ സിമന്റ് എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് ഈ രംഗത്തുള്ളത്. ക്രൂഡോയിലും വളവും നെഗറ്റീവ് വളർച്ചയിലേക്ക് വീണതാണ് പ്രധാന തിരിച്ചടി.

58.9%

കേന്ദ്രസർക്കാരിന്റെ ധനക്കമ്മി (വരവും ചെലവും തമ്മിലെ അന്തരം)​ ഏപ്രിൽ-ജനുവരിയിൽ നടപ്പുവർഷത്തെ ബഡ്‌ജറ്റ് വിലയിരുത്തലിന്റെ 58.9 ശതമാനം കവിഞ്ഞു. 15.91 ലക്ഷം കോടി രൂപയാണ് നടപ്പുവർഷം പ്രതീക്ഷിക്കുന്ന ധനക്കമ്മി. ഏപ്രിൽ-ജനുവരിയിൽ ഇത് 9.37 ലക്ഷം കോടി രൂപയാണ്.