gst

കൊച്ചി: കൊവിഡിന്റെ മൂന്നാംതരംഗമായി ഒമിക്രോൺ വീശിയടിച്ചിട്ടും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉലഞ്ഞില്ലെന്ന സൂചനയുമായി ഫെബ്രുവരിയിൽ ജി.എസ്.ടി സമാഹരണം കാഴ്ചവച്ചത് മികച്ച കുതിപ്പ്. 1.33 ലക്ഷം കോടി രൂപയാണ് കഴിഞ്ഞമാസം നേടിയത്. 2021 ഫെബ്രുവരിയേക്കാൾ 26 ശതമാനവും 2020 ഫെബ്രുവരിയേക്കാൾ 18 ശതമാനവും അധികമാണിത്.

കഴിഞ്ഞമാസത്തെ സമാഹരണത്തിൽ 24,435 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 30,779 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 67,431 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ്. 10,340 കോടി രൂപ സെസായും ലഭിച്ചു. ഇറക്കുമതി ചെയ്‌ത ഉത്‌പന്നങ്ങളിൽ നിന്നുള്ള ജി.എസ്.ടി വിഹിതം 38 ശതമാനമായി ഉയർന്നു. 2021 ഫെബ്രുവരിയേക്കാൾ 12 ശതമാനം അധികമാണിത്.

പ്രവൃത്തിദിനങ്ങൾ കുറഞ്ഞമാസമായിട്ടും ഫെബ്രുവരിയിൽ മികച്ച സമാഹരണമുണ്ടായത് സമ്പദ്‌വ്യവസ്ഥ കരകയറുന്നതിന് തെളിവാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണുകളും രാത്രികാല കർഫ്യൂവും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ അയവുവന്നതും നേട്ടമായി.

₹10,000 കോടി

ജി.എസ്.ടി പ്രാബല്യത്തിൽ വന്നശേഷം സെസ് വരുമാനം 10,000 കോടി രൂപ കടന്നത് ആദ്യം.

സമാഹരണം ഇതുവരെ

(നടപ്പുവർഷത്തെ സമാഹരണം - തുക കോടിയിൽ)

 ഏപ്രിൽ : ₹1.39 ലക്ഷം

 മേയ് : ₹97,821

 ജൂൺ : ₹92,800

 ജൂലായ് : ₹1.16 ലക്ഷം

 ആഗസ്‌റ്റ് : ₹1.12 ലക്ഷം

 സെപ്തംബർ : ₹1.17 ലക്ഷം

 ഒക്‌ടോബർ : ₹1.30 ലക്ഷം

 നവംബർ : ₹1.31 ലക്ഷം

 ഡിസംബർ : ₹1.29 ലക്ഷം

 ജനുവരി : ₹1.40 ലക്ഷം*

 ഫെബ്രുവരി : ₹1.33 ലക്ഷം

(*2022 ജനുവരിയിലേതാണ് ജി.എസ്.ടിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന പ്രതിമാസ സമാഹരണം)

കേരളത്തിന് 15% വളർച്ച

കഴിഞ്ഞമാസം കേരളത്തിന്റെ ജി.എസ്.ടി സമാഹരണം 15 ശതമാനം വർദ്ധിച്ച് 2,074 കോടി രൂപയിലെത്തി. 2021 ഫെബ്രുവരിയിൽ 1,806 കോടി രൂപയായിരുന്നു. 19,423 കോടി രൂപ സമാഹരണവുമായി മഹാരാഷ്‌ട്രയാണ് കഴിഞ്ഞമാസം ഒന്നാമത്. 8,873 കോടി രൂപയുമായി ഗുജറാത്താണ് രണ്ടാമത്.