exports

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഫെബ്രുവരിയിൽ 22.36 ശതമാനം മുന്നേറി 3,381 കോടി ഡോളറിലെത്തി. എൻജിനിയറിംഗ്,​ പെട്രോളിയം,​ കെമിക്കൽ വിഭാഗങ്ങളുടെ മികച്ച പ്രകടനമാണ് കരുത്തായത്.

അതേസമയം,​ ഇറക്കുമതിയിലും നല്ല ഉഷാറുള്ളതിനാൽ,​ ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരം വ്യാപാരക്കമ്മിയായി കുതിച്ചുയരുകയാണ്. 35 ശതമാനം വർദ്ധിച്ച് 5,​500 കോടി ഡോളറാണ് ഇറക്കുമതി. വ്യാപാരക്കമ്മി 2,​119 കോടി ഡോളർ. 2021 ഫെബ്രുവരിയിൽ വ്യാപാരക്കമ്മി 1,​312 കോടി ഡോളറായിരുന്നു.

$17,607 കോടി

നടപ്പുവർഷം ഏപ്രിൽ-ഫെബ്രുവരിയിൽ വ്യാപാരക്കമ്മി 17,​607 കോടി ഡോളറാണ്. 2020-21ലെ സമാനകാലത്ത് ഇത് 8,​899 കോടി ഡോളറായിരുന്നു. ഇക്കുറി ഏപ്രിൽ-ഫെബ്രുവിയിൽ കയറ്റുമതി 45.80 ശതമാനം ഉയർന്ന് 37,​405 കോടി ഡോളറും ഇറക്കുമതി 59.21 ശതമാനം ഉയർന്ന് 55,​012 കോടി ഡോളറുമാണ്.

ലക്ഷ്യം എളുപ്പം

നടപ്പുവർഷം 40,​000 കോടി ഡോളറാണ് കേന്ദ്രം ഉന്നമിടുന്ന കയറ്റുമതി വരുമാനം. ലക്ഷ്യം നേടാൻ ഈമാസം ആവശ്യമായ വരുമാനം 2,​595 കോടി ഡോളർ മാത്രം. കഴിഞ്ഞമാസങ്ങളിലെ പ്രകടനം നോക്കിയാൽ ലക്ഷ്യം എളുപ്പം മറികടക്കും.