f1

കൊച്ചി: രാജ്യാന്തര കാർ റേസിംഗുകളുടെ നിയന്ത്രണ ഏജൻസിയായ ഫോർമുല വൺ അഥവാ എഫ് 1 റഷ്യയിലെ സോചി നഗരത്തിൽ ഈ വർഷം സെപ്‌തംബറിൽ നടത്താനിരുന്ന ഗ്രാൻഡ് പ്രി റദ്ദാക്കി. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം.
ഭാവിയിലും റഷ്യയിൽ ഗ്രാൻഡ് പ്രി നടത്തേണ്ടെന്ന ഉറച്ച തീരുമാനവും എഫ് 1 എടുത്തിട്ടുണ്ട്. 2023ൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടക്കേണ്ട ഗ്രാൻഡ് പ്രിയും ഉപേക്ഷിച്ചു. റഷ്യൻ ഗ്രാൻഡ് പ്രിയുടെ സ്ഥാപകരിൽ ഒരാളാണ് പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഗ്രാൻഡ് പ്രിയെ 2014ൽ റഷ്യയിലേക്ക് എത്തിച്ചത് പുട്ടിനാണ്. സോചിയിൽ അദ്ദേഹത്തിന് ഒരു കൊട്ടാരമുണ്ട്. സെന്റ് പീറ്റേഴ്‌സ്ബർഗാകട്ടെ സ്വദേശവുമാണ്.
പുട്ടിൻ ഭരണത്തിൽ തുടരുന്നിടത്തോളം കാലം റഷ്യയിൽ ഗ്രാൻഡ് പ്രി ഉണ്ടാവില്ലെന്ന് എഫ് 1 പ്രസ്താവനയിൽ വ്യക്തമാക്കി. റഷ്യൻ താരങ്ങളെ പങ്കെടുപ്പിക്കില്ലെന്ന് യു.കെ അടക്കമുള്ള രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. റഷ്യയിൽ മത്സരിക്കാനില്ലെന്ന് ലോക ചാമ്പ്യൻ മാക്‌സ് വേഴ്‌സറ്റപ്പെൻ അടക്കമുള്ള പ്രമുഖരും വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിലേക്കില്ലെന്ന തീരുമാനം എഫ് 1 മാറ്റിയാലും തന്റെ തീരുമാനം മാറില്ലെന്നാണ് വേഴ്‌റ്റപ്പെൻ പറഞ്ഞത്.