
കൊച്ചി: ജർമ്മൻ ആഡംബര വാഹന ബ്രാൻഡായ ബി.എം.ഡബ്ള്യു ഇന്ത്യയിൽ നിർമ്മിച്ച കാറുകളുടെ എണ്ണം ഒരുലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യയിൽ പ്ളാന്റ് തുറന്ന് 15-ാം വർഷമാണ് ഒരുലക്ഷം 'മെയ്ഡ് ഇൻ ഇന്ത്യ" കാറുകളെന്ന നേട്ടം കമ്പനി സ്വന്തമാക്കിയത്.
ചെന്നൈയിലാണ് ഇന്ത്യയിൽ ബി.എം.ഡബ്ള്യു ഗ്രൂപ്പിന്റെ പ്ളാന്റ്. ഹരിതോർജം ഉൾപ്പെടെ പ്രയോജനപ്പെടുത്തി പൂർണമായും പ്രകൃതിസൗഹൃദമായാണ് പ്ളാന്റിന്റെ പ്രവർത്തനം. ബി.എം.ഡബ്ള്യു, ഉപസ്ഥാപനവും ബ്രിട്ടീഷ് ചെറു ആഡംബര ബ്രാൻഡുമായ ബി.എം.ഡബ്ള്യു മിനി എന്നിവയുടേതായി ഇതിനകം 13 മോഡലുകളാണ് 15 വർഷത്തിനിടെ ചെന്നൈ പ്ളാന്റിൽ നിന്ന് ഉപഭോക്താക്കളിലേക്ക് എത്തിയത്.
2007 മാർച്ച് 29നാണ് ബി.എം.ഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ളാന്റ് പ്രവർത്തനം ആരംഭിച്ചത്. വാഹന നിർമ്മാണത്തിൽ 50 ശതമാനത്തോളം നിർമ്മാണഘടകങ്ങളും ഇന്ത്യയിൽ നിന്നു തന്നെയാണ് ശേഖരിക്കുന്നതെന്ന് ബി.എം.ഡബ്ള്യു ഗ്രൂപ്പ് പ്ളാന്റ് ചെന്നൈ മാനേജിംഗ് ഡയറക്ടർ തോമസ് ഡോസെ പറഞ്ഞു.