car-sales

കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് മെല്ലെ കരകയറുന്നതിനിടെയാണ് ആഗോളതലത്തിൽ തന്നെ വാഹന വിപണിക്ക് ഇരുട്ടടിയുമായി മൈക്രോചിപ്പ് അഥവാ സെമികണ്ടക്ടർ ക്ഷാമം അതിരൂക്ഷമായി വീശിയടിച്ചത്.
ഫലത്തിൽ,​ ഉപഭോക്താക്കളിൽ നിന്ന് വൻ ഡിമാൻഡുണ്ടെങ്കിലും അതിനൊത്ത് ഉത്പാദനം നടത്തി വാഹനം ഡെലിവറി ചെയ്യാൻ വാഹന നിർമ്മാതാക്കൾക്ക് കഴിയുന്നില്ല. ഇതുമൂലം,​ മാസങ്ങളായി കനത്ത വില്പനനഷ്‌ടമാണ് കമ്പനികൾ കുറിക്കുന്നത്.
ഫെബ്രുവരിയിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. മുൻനിര കമ്പനികളെല്ലാം ഉത്പാദനത്തിലും വില്പനയിലും വൻ നഷ്‌ടം നേരിട്ടു. 2021 ഫെബ്രുവരിയിൽ 1.44 ലക്ഷം വാഹനങ്ങൾ ഫാക്‌ടറിയിൽ നിന്ന് പുതുതായി ഡീലർഷിപ്പുകളിലേക്ക് എത്തിച്ച മാരുതി സുസുക്കിക്ക്,​ ഇക്കഴി‍ഞ്ഞ ഫെബ്രുവരിയിൽ പുറത്തിറക്കാനായത് 1.33 ലക്ഷം യൂണിറ്റുകൾ. നഷ്‌ടം ഏഴ് ശതമാനം.
രണ്ടാമതുള്ള ഹ്യുണ്ടായിയുടെ വില്പന 51,​600 യൂണിറ്റുകളിൽ നിന്ന് 15 ശതമാനം ഇടിഞ്ഞ് 44,​050 യൂണിറ്റുകളായി. ഹോണ്ട കാർസ് ഇന്ത്യ 23 ശതമാനവും ടൊയോട്ട കിർലോസ്‌കർ 38 ശതമാനവും നിസാൻ ഇന്ത്യ 42 ശതമാനവും നഷ്‌ടം രേഖപ്പെടുത്തി.
4,​244 യൂണിറ്റുകളിൽ നിന്ന് 2,​456 യൂണിറ്റുകളിലേക്കാണ് നിസാൻ ഇന്ത്യയുടെ കച്ചവടം കുറഞ്ഞത്. 2021 ഫെബ്രുവരിയിൽ 14,​075 പുതിയ വാഹനങ്ങൾ ഡീലർഷിപ്പുകളിലേക്ക് എത്തിച്ച ടൊയോട്ട കിർലോസ്‌കറിന് ഇക്കുറി എത്തിക്കാനായത് 8,​745 യൂണിറ്റുകൾ മാത്രം. 9,​324 യൂണിറ്റുകളിൽ നിന്ന് 7,​187 യൂണിറ്റുകളിലേക്കാണ് ഹോണ്ടയുടെ മൊത്തവില്പന കുറഞ്ഞത്.
അതേസമയം,​ ആഭ്യന്തര ബ്രാൻഡുകളായ ടാറ്റാ മോട്ടോഴ്‌സ്,​ മഹീന്ദ്ര ആൻഡ് മഹീന്ദ്ര,​ ദക്ഷിണ കൊറിയൻ കമ്പനി കിയ മോട്ടോഴ്‌സ്,​ ചൈനയുടെ എം.ജി മോട്ടോർ,​ ഫോക്‌സ്‌വാഗൻ ഗ്രൂപ്പിലെ സ്കോഡ,​ ഫോക്‌സ്‌വാഗൻ എന്നിവ മികച്ച നേട്ടം ഫെബ്രുവരിയിൽ കുറിച്ചു. എങ്കിലും,​ വാഹന വിപണിയുടെ മൊത്തം പ്രകടനത്തെ സ്വാധീനിക്കാൻ ഇവയുടെ വിജയമധുരത്തിന് സാധിച്ചില്ല.