kk

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്, കൊട്ടിഗ്ഘോഷിക്കപ്പെടുന്നതു പോലെ പി.എൻ. പണിക്കരല്ലെന്ന് രേഖകളുടെ പിൻബലത്തോടെ സമർത്ഥിച്ച് കവിയും നാടകകൃത്തും സി.പി.എം നേതാവുമായ പിരപ്പൻകോട് മുരളിയുടെ പുസ്തകം. 2006- 11ലെ വി.എസ് ഭരണകാലത്ത് ഗ്രന്ഥശാലാ സഹകരണസംഘം സ്വദേശാഭിമാനിയുടെ സമ്പൂർണ കൃതികൾ പ്രസിദ്ധീകരിക്കാൻ ശ്രമിച്ചപ്പോൾ പാർലമെന്ററികാര്യ മന്ത്രിയായിരുന്ന എം. വിജയകുമാറിൽ നിന്നുണ്ടായ തിക്താനുഭവത്തെക്കുറിച്ചും പുസ്തകത്തിൽ വിവരണമുണ്ട്.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച, 'കേരള ഗ്രന്ഥശാലാ പ്രസ്ഥാനം' എന്ന പുസ്തകത്തിലാണ് രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ വലിയ സംവാദത്തിന് വഴി തുറക്കാവുന്ന വെളിപ്പെടുത്തലുകൾ. ഗ്രന്ഥശാലാ പ്രസ്ഥാനത്തെ തകർക്കുന്ന നീക്കങ്ങൾ ഭരണതലത്തിൽ പലപ്പോഴായി നടന്നതിന്റെ ചരിത്രവഴികൾ വിവരിക്കുന്ന പുസ്തകത്തിൽ പി.എൻ. പണിക്കരുടെ നിലപാടുകളിലെ ആത്മാർത്ഥതയെയും പിരപ്പൻകോട് മുരളി ചോദ്യം ചെയ്യുന്നു.

കേരളത്തിൽ മാത്രമുള്ള ജനകീയ ഗ്രന്ഥശാലകളുടെ കൂട്ടായ്മയായ സംഘടിത ഗ്രന്ഥശാലാ സംഘത്തിന്റെ സവിശേഷത ഉൾക്കൊള്ളാൻ തയ്യാറാകാത്തവരിൽ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പിക്കു പുറമേ പിന്നീടുവന്ന ജനകീയ സർക്കാരുകളും ഉണ്ടായതാണ് ദുര്യോഗത്തിനു കാരണമെന്ന് പിരപ്പൻകോട് വിമർശിക്കുന്നു.

മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപ്പിള്ള തന്നെയും കൂട്ടി പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയെ കാണാൻ ചെന്നതാണ് ഗ്രന്ഥശാലാ പ്രസ്ഥാന ചരിത്രാന്വേഷണത്തിൽ തനിക്ക് നാഴികക്കല്ലായതെന്നാണ് മുരളി വിവരിക്കുന്നത്.

മുണ്ടശ്ശേരിക്ക് പി.ജി തന്നെ പരിചയപ്പെടുത്തി. സംഘത്തിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണെന്നു കേട്ടപ്പോൾ പൊട്ടിച്ചിരിയോടെ ആ കൗശലക്കാരൻ പണിക്കരെയൊക്കെ അടുത്തറിയാമല്ലോ എന്ന് മുണ്ടശ്ശേരി ചോദിച്ചു. പണിക്കരുടെ പെറ്റാണ് മുരളിയെന്ന് പി.ജിയുടെ മറുപടി. പറയുന്നത് വിഷമമാകുമെങ്കിൽ ക്ഷമിക്കൂ എന്നു പറഞ്ഞ്,​ മുണ്ടശ്ശേരി വിവരിച്ചു. "ഇപ്പോൾ നിങ്ങൾ കൊട്ടിഗ്ഘോഷിച്ച് നടക്കുന്ന ഈ ഗ്രന്ഥശാലാ സംഘമുണ്ടല്ലോ, അത് യഥാർത്ഥ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിന്തുടർച്ചയല്ല. സർ സി.പിയുടെ സ്വതന്ത്ര തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന്റെ പിന്തുടർച്ചയാണ്."

മുണ്ടശ്ശേരി തുടർന്നു: സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് രൂപം നൽകിയത് 1937ൽ കെ. ദാമോദരന്റെ മലബാർ വായനശാലാ സംഘമാണ്. ദാമോദരൻ ശുദ്ധാത്മാവാണ്. കമ്യൂണിസ്റ്റുകാർക്കു പോലും ഇന്നയാളെ ഇഷ്ടമല്ല. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ആ പ്രസ്ഥാനം. ഒരു ഘട്ടത്തിൽ ദാമോദരനടക്കം അതിന്റെ നേതാക്കളിൽ പലരും ജയിലിലും ഒളിവിലുമായപ്പോൾ ശേഷിച്ചവർ 1943ൽ അത് കേരളമാകെ വ്യാപിപ്പിക്കാൻ കേരള ഗ്രന്ഥാലയസംഘമാക്കി പുന:സംഘടിപ്പിച്ചു. അന്നു മുതലാണ് ഞങ്ങളൊക്കെ അതിന്റെ പ്രവർത്തകരായത്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ കേരള ഗ്രന്ഥാലയസംഘം തിരുവിതാംകൂറിൽ കടക്കാതിരിക്കാനാണ് 1940ൽ തിടുക്കപ്പെട്ട് സിൽബന്ധികളെ ഉപയോഗിച്ച് സർ സി.പി അഖില തിരുവിതാംകൂർ ഗ്രന്ഥശാലാസംഘം തട്ടിക്കൂട്ടിയത്.

സ്വദേശാഭിമാനി

സമ്പൂർണ കൃതികളും

വി.എസ് സർക്കാരും

കേരള ഗ്രന്ഥശാലാസംഘം യഥാർത്ഥത്തിൽ പി.ഗോവിന്ദപ്പിള്ളയുടെ സ്വപ്നമായിരുന്നു. മലയാളത്തിൽ ഫലപ്രദമായ സാഹിത്യസമാന്തര പ്രസിദ്ധീകരണശാല സ്വന്തമായി ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴാണ് സന്ദർഭവശാലോ ഭാഗ്യവശാലോ കേരള ഗ്രന്ഥശാലാ സഹകരണസംഘത്തിന്റെ കൈകാര്യകർത്തൃത്വം പി.ജിക്ക് ലഭിച്ചത്.

നിറുത്തിവച്ചിരുന്ന പുസ്തകപ്രസാധനം പുനരാരംഭിക്കാനും പ്രശസ്തമായ വിഷയം അതിനായി തിരഞ്ഞെടുക്കാനും 2007ൽ എഡിറ്റോറിയൽ ബോർഡ് തീരുമാനിച്ചതിന്റെ ഭാഗമായി സ്വദേശാഭിമാനിയുടെ സമ്പൂർണകൃതികൾ തയ്യാറാക്കിത്തരാനായി കോഴിക്കോട്ട് പ്രമുഖ പത്രപ്രവർത്തകനായ ടി. വേണുഗോപാലക്കുറുപ്പിനെ താനും പി.ജിയും പോയിക്കണ്ടു. സ്വദേശാഭിമാനി സ്വന്തം കൈപ്പടയിലെഴുതിയ മുഴുവൻ കൃതികളുടെയും അമൂല്യശേഖരം വേണുഗോപാലക്കുറുപ്പ് ഞങ്ങൾക്കു നൽകി.

പ്രസിദ്ധീകരിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് 2010 സെപ്റ്റംബർ 26ന് സ്വദേശാഭിമാനിയുടെ നാടുകടത്തലിന്റെ നൂറാംവാർഷികം വിപുലമായി ആചരിക്കാൻ വി.എസ് സർക്കാർ തീരുമാനിക്കുന്നത്. പാർലമെന്ററികാര്യ മന്ത്രിയായിരുന്ന എം. വിജയകുമാർ ആഘോഷങ്ങളുടെ ചുമതലക്കാരനായി. ഈ അവസരം പ്രയോജനപ്പെടുത്തി സ്വദേശാഭിമാനിയുടെ സമ്പൂർണകൃതികൾ പുറത്തുകൊണ്ടുവരണമെന്ന് ഞങ്ങളും കരുക്കൾ നീക്കി.

മുഖ്യമന്ത്രി വി.എസിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഷീലാ തോമസിനോട് കാര്യം പറഞ്ഞപ്പോൾ, സാർ ബുദ്ധിമുട്ടുകയോ മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുകയോ വേണ്ടെന്ന് മറുപടി നൽകി. "നമ്മുടെ പാർലമെന്ററികാര്യ വകുപ്പിന് നിഷ്പ്രയാസം അത് ചെയ്യാം. പ്രോജക്ട് തയാറാക്കി മന്ത്രിയെ ഏല്പിക്കണം. സാറിന്റെ സുഹൃത്താണല്ലോ മന്ത്രി. അദ്ദേഹം അനുമതി കൊടുത്താൽ ബാക്കി കാര്യങ്ങൾ വകുപ്പ് സെക്രട്ടറി നോക്കിക്കൊള്ളും. നമ്മുടെ രാജു നാരായണസ്വാമിയാണ് സെക്രട്ടറി. ഞാൻ പ്രത്യേകം പറയാം."

താൻ പ്രോജക്ട് തയാറാക്കി ബോർഡിൽ വച്ച് അംഗീകാരം വാങ്ങി മന്ത്രിക്കു നൽകി. പതിവിലും തുറന്ന ചിരിയോടെ അദ്ദേഹമത് ഏറ്റുവാങ്ങി. സെക്രട്ടറി നാരായണസ്വാമിക്കും കൊടുത്ത് വിശദമായി സംസാരിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും തീരുമാനമൊന്നുമുണ്ടായില്ല. സ്വാമിയോടു ചോദിച്ചപ്പോൾ മന്ത്രി അത് സെക്രട്ടറിക്ക് കൈമാറിയില്ലെന്ന് മനസ്സിലായി.

വിജയകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി എ.ജി. ശശിധരൻനായരെ വിളിച്ചു ചോദിച്ചപ്പോൾ പ്രോജക്ട് സെക്രട്ടറിക്ക് പോയിട്ടില്ലെന്നറിഞ്ഞു. 2010 ജൂലായ് കഴിഞ്ഞിരുന്നു. ആഗസ്റ്റ് ആദ്യവാരം നിയമസഭ ചേരവേ മുഖ്യമന്ത്രിയുടെ ചേംബറിൽ 2010 സെപ്റ്റംബർ 26 ലെ നാടുകടത്തൽദിനത്തിന്റെ ഫൈനൽ പ്രോഗ്രാം നിശ്ചയിക്കാനായി യോഗം കൂടുന്ന വിവരം ശശിധരൻനായർ എന്നെയറിയിച്ചു. ക്ഷണിക്കപ്പെടാത്ത ആ കമ്മിറ്റിയിൽ പോയിരിക്കാൻ നിർദ്ദേശിച്ചതും അദ്ദേഹമാണ്.

താനെത്തുമ്പോൾ യോഗം തുടങ്ങിയിരുന്നു. ഏറ്റവും പിന്നിൽ സീറ്റന്വേഷിച്ചു നിന്ന തന്നെ വി.എസ് ചിരിച്ചുകൊണ്ട് മുന്നിലേക്കു ക്ഷണിച്ചു. താമസിച്ചുപോയോ എന്നു ചോദിച്ച്, തന്റെ ഇടതുവശത്തെ കസേര ചൂണ്ടിക്കാട്ടി ഇരിക്കാൻ പറഞ്ഞു. ‌താൻ ആ കമ്മിറ്റിയിലില്ലെന്ന് വി.എസിന് അറിയില്ലായിരുന്നു. പി.ആർ.ഡി ഡയറക്ടർ നന്ദകുമാറിനോട് അതുവരെ നടന്ന കാര്യങ്ങൾ ബ്രീഫ് ചെയ്യാൻ വി.എസ് നിർദ്ദേശിച്ചു. പരിപാടി നന്ദകുമാർ വിശദീകരിച്ചു. സ്വദേശാഭിമാനിയുടെ എന്റെ നാടുകടത്തൽ എന്ന പ്രധാന പുസ്തകം പി.ആർ.ഡി ഒരുക്കിയത് മുഖ്യമന്ത്രി പ്രകാശനം ചെയ്യുമെന്ന് പറഞ്ഞു. ഇതിപ്പോൾ മാർക്കറ്റിലുള്ളതല്ലേ, വേറെ ഏതെങ്കിലും ആകാമായിരുന്നുവെന്ന് താൻ പറഞ്ഞു. സ്വദേശാഭിമാനിയുടെ മറ്റു കൃതികളൊന്നും കിട്ടാനില്ലെന്ന് നന്ദകുമാറിന്റെ മറുപടി.

"നിങ്ങളന്വേഷിച്ചില്ലെന്ന് പറയൂ. സ്വദേശാഭിമാനിയുടെ സമ്പൂർണ കൃതികളുടെയും കൈയെഴുത്തു പ്രതി എന്റെ കൈയിലുണ്ട്. അത് പ്രോജക്ടാക്കി പാർലമെന്ററി വകുപ്പിന് സമർപ്പിച്ചിട്ടുമുണ്ട്." അതു ശരിയാണെന്ന് രാജു നാരായണസ്വാമി എഴുന്നേറ്റു പറഞ്ഞു. പ്രോജക്ട് മന്ത്രിക്കു സമർപ്പിച്ചതിന്റെ പകർപ്പ് തനിക്കും തന്നെന്നും മന്ത്രി നടപടിയെടുക്കാത്തതിനാൽ താനും ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മുഖ്യമന്ത്രിക്കും കമ്മിറ്റിയംഗങ്ങൾക്കും എല്ലാം മനസ്സിലായി!

വി.എസ്. ചോദിച്ചു: ഇത് 2010 തീരും മുമ്പ് പ്രസിദ്ധീകരിക്കാനാകുമോ, എത്ര രൂപ വേണ്ടി വരും?​ ഗ്രന്ഥശാലാ സഹകരണസംഘം പ്രസിദ്ധികരിക്കാനായി എല്ലാം തയ്യാറാക്കിവച്ചിരിക്കുകയാണ്, പണമില്ലാത്തതിനാൽ പ്രസ്സിൽ കയറ്റിയില്ലെന്നേയുള്ളൂവെന്ന് മറുപടി. ഇതൊരു വെല്ലുവിളിയാണല്ലോയെന്ന് എസ്.ആർ. ശക്തിധരൻ. ആണെന്ന് കൂട്ടിക്കോളൂവെന്ന് താൻ. അപ്പോൾ വെല്ലുവിളി ഏറ്റെടുക്കുകയല്ലേയെന്ന് നാരായണസ്വാമിയോട് വി.എസ്. ഇത് ഈ യോഗത്തിന്റെ തീരുമാനമാണെന്നും,​ ആരുടെയും ഉത്തരവിന് കാത്തുനിൽക്കേണ്ടെന്നും സ്വാമിയോട് വി.എസ് നിർദ്ദേശിച്ചതോടെ യോഗം പിരിഞ്ഞു. അങ്ങനെ സ്വദേശാഭിമാനി കൃതികൾ വെളിച്ചം കണ്ടു- പിരപ്പൻകോട് വിവരിക്കുന്നു.