yogi

ലക്നൗ: കാവി ധരിച്ച, തല മുണ്ഡനം ചെയ്ത, മന്ത്രങ്ങൾ ഉരുവിടുന്ന, പശുക്കളെ സ്‌നേഹിക്കുന്ന നിർമമനായ സന്യാസി. യോഗി ആദിത്യനാഥിനെ കണ്ടാൽ അങ്ങനെയേ തോന്നൂ. ആ സന്യാസിക്ക് ഇത് അധികാരത്തിന്റെ രണ്ടാം പർവമാണ്. സന്യാസവും രാഷ്‌ട്രീയവും അധികാരവും ഒരുപോലെ വഴങ്ങുമെന്നു തെളിയിച്ച യോഗി ഇതോടെ ദേശീയ രാഷ്ട്രീയത്തിലും അതിശക്തനായി വളരുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പിയിൽ യോഗി ആദിത്യനാഥ് രണ്ടാമൂഴം കുറിച്ചപ്പോൾ വഴിമാറിയത് ചരിത്രം. 35 വർഷത്തിനു ശേഷമാണ് യു.പിയിൽ ഒരു പാർട്ടി ഭരണത്തുടർച്ച നേടുന്നത്. കർഷകസമരം, രാജ്യത്തെ ഞെട്ടിച്ച ലഖിംപൂർഖേരി കൂട്ടക്കൊല, ഹാഥ്‌രസ് പീഡനക്കേസ്, കൊവിഡ് മരണങ്ങൾ മറച്ചുവച്ചത്, തൊഴിലില്ലായ്മ വർദ്ധന തുടങ്ങിയവ ഭരണവിരുദ്ധ വികാരമുണ്ടാക്കുമെന്ന വിലയിരുത്തലുകൾ കാറ്റിൽപ്പറത്തിയാണ് യോഗി വിജയകിരീടം ചൂടിയത്. തീവ്ര ഹിന്ദുത്വത്തിന്റെ പരിവേഷത്തിലും വികസനം മുൻനിറുത്തിയാണ് ഇത്തവണ യോഗി വോട്ടു ചോദിച്ചത്.


2017ൽ മോദി പ്രഭാവമായിരുന്നെങ്കിൽ ഇക്കുറി യോഗി തരംഗമാണ് യു.പിയിൽ ആഞ്ഞടിച്ചത്. കഴിഞ്ഞ അഞ്ചു വർഷം യോഗിക്ക് വലിയ വെല്ലുവളികളുണ്ടായിരുന്നു. പാർട്ടിയിലെ എതിർപ്പുകളെ ദേശീയ നേതൃത്വത്തെ മുന്നിൽ നിറുത്തി വെട്ടിനിരത്താൻ യോഗിക്കായി. ഡൽഹിയിലെത്തി മോദിയെയും അമിത് ഷായെയും കണ്ട് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കി. വിവാദങ്ങൾക്ക് ചെവികൊടുക്കാതെ മോദിയും അമിത് ഷായും യോഗിക്കൊപ്പം നിലയുറപ്പിച്ചു.

സ്വാമി പ്രസാദ് മൗര്യ അടക്കം മൂന്നു മന്ത്രിമാർ രാജിവച്ചിട്ടും യോഗി കുലുങ്ങിയില്ല. ഇത്തവണ യോഗി അയോദ്ധ്യയിൽ മത്സരിച്ചേക്കുമെന്ന് വാർത്തകളുണ്ടായെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഞ്ചു തവണ തുടർച്ചയായി വിജയിച്ച ഗൊരഖ്പൂരിലെ അസംബ്ലി സീറ്റിൽ (ഗോരഖ്പൂർ സദർ) മത്സരിക്കാനായിരുന്നു പാർട്ടി നിർദ്ദേശം.


ബുൾഡോസർ ബാബ

അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടിയെടുത്തതിനെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എതിരാളികൾ യോഗിക്ക് ചാർത്തിക്കൊടുത്ത പേരാണ് ബുൾഡോസർ ബാബ. പൊതുസ്വത്തിലോ പാവപ്പെട്ടവരുടെ സ്വത്തിലോ ബിസിനസുകാരുടെ സംരംഭങ്ങളിലോ അനധികൃതമായി കടന്നുകയറുകയോ നശിപ്പിക്കുകയോ ചെയ്യുന്നവരുടെ സാമ്രാജ്യം ബുൾഡോസർ ഉപയോഗിച്ചു തകർക്കുമെന്നായിരുന്നു യോഗിയുടെ പ്രഖ്യാപനം. വൈകാതെ പാർട്ടി പ്രവർത്തകർ ഇതേറ്റെടുത്തു. പ്രചാരണ യോഗങ്ങളിൽ 'ബുൾഡോസർ ബാബ സിന്ദാബാദ്' വിളിച്ചാണ് അണികൾ യോഗിയെ സ്വീകരിച്ചത്.


 യഥാർത്ഥ പേര് അജയ് മോഹൻ ബിഷ്‌ട്

 1972 ജൂൺ അഞ്ചിന് ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാളിൽ ജനനം.

 എച്ച്.എൻ.ബി ഗഡ്‌വാൾ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതശാസ്‌ത്രത്തിൽ ബിരുദം .

എസ്.എഫ്.ഐയിലൂടെ വിദ്യാർത്ഥി രാഷ്‌ട്രീയത്തുടക്കം. ആശയങ്ങൾ ദഹിക്കാതെ ആർ.എസ്.എസ് വിദ്യാർത്ഥി വിഭാഗമായ എ.ബി.വി.പിയിൽ

 തീപ്പൊരി പ്രസംഗകൻ, മുസ്ലിം വിരുദ്ധ ഹിന്ദു നേതാവെന്ന പ്രതിച്ഛായ.

 ഹിന്ദു ദേശീയവാദ സംഘടനയായ ഹിന്ദു യുവവാഹിനിയുടെ സ്ഥാപകൻ.

 ഗൊരഖ്നാഥ് മഠത്തിലെ സന്യാസിയായി. മഹന്തിന്റെ അടുത്ത അനുയായി. ഛോട്ടാ മഹന്ത് എന്നാണറിയപ്പെട്ടത്.

 ഗുരു മഹന്ത് അവൈദ്യനാഥിന്റെ മരണത്തോടെ, 2014ൽ മഹന്ത് (ഉന്നത പുരോഹിതൻ).

 1998 മുതൽ അഞ്ചുവട്ടം തുടർച്ചയായി ഗൊരഖ്പൂരിൽ നിന്ന് എം.പി. ആദ്യ ജയം 26ാം വയസിൽ

 2017 മാർച്ച് 19ന് യു.പിയിലെ 22ാമത് മുഖ്യമന്ത്രിയായി.