യു.പിയിൽ വീണ്ടും യോഗി
കോൺഗ്രസ് നിലം പൊത്തി
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശും ഗോവയും ഉത്തരാഖണ്ഡും മണിപ്പൂരും നിലനിറുത്തിയ ബി.ജെ.പി, 2024ലെ പൊതു തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ പ്രൗഢിയോടെ കടന്നപ്പോൾ പഞ്ചാബ് തൂത്തുവാരിയും ഗോവയിൽ മൂന്ന് സീറ്റ് പിടിച്ചും ആംആദ്‌മി പാർട്ടി ദേശീയ ശക്തിയായി വളരുന്നതിന്റെ പ്രഖ്യാപനം നടത്തി.
പഞ്ചാബിൽ ഭരണം നഷ്‌ടപ്പെട്ടും ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഒളിമങ്ങിയും പ്രിയങ്കയുടെ പ്രഭാവം ഏശാതെ യു.പിയിൽ തകർന്നടിഞ്ഞും കോൺഗ്രസിന്റെ പതനം അതിദയനീമായി.
സമാജ്‌വാദി പാർട്ടിയുടെ കടുത്ത വെല്ലുവിളിയിൽ കഴിഞ്ഞ തവണത്തെക്കാൾ 50ഒാളം സീറ്റുകൾ കുറഞ്ഞെങ്കിലും വോട്ട് ശതമാനമുയർത്തി അഭിമാനകരമായ വിജയത്തോടെയാണ് യു.പിയിൽ യോഗി ആദിത്യനാഥ് അധികാരത്തുടർച്ച ഉറപ്പിച്ചത്. മാസങ്ങൾ നീണ്ട കർഷക പ്രക്ഷോഭവും കർഷകർ വാഹനമിടിച്ചു മരിച്ച ലഖിംപൂർ ഖേരി സംഭവവും കൊവിഡ് നേരിട്ടതിലെ പിഴവുമടക്കം പ്രതിപക്ഷമുയർത്തിയ ആരോപണങ്ങളൊന്നും ഏശിയില്ല. ലഖിംപൂർ ഖേരി മണ്ഡലമടക്കം പശ്ചിമ യു.പിയിലും ബി.ജെ.പി ആധിപത്യം നിലനിറുത്തി.
യാദവ, ഒ.ബി.സി വോട്ടുകൾ സമാഹരിച്ച് ബി.ജെ.പിയെ താഴെയിറക്കാൻ കച്ചകെട്ടിയിറങ്ങിയ അഖിലേഷ് യാദവ് പൊരുതി വീണു. 2017ലെ 47ൽ നിന്ന് നൂറിനു മുകളിലേക്കുയരാൻ കഴിഞ്ഞത് നേട്ടമായി. എന്നാൽ, ഒരിക്കൽ യു.പി ഭരിച്ച മായാവതിയുടെ ബി.എസ്.പി ഒരു സീറ്റിലേക്ക് കൂപ്പുകുത്തി.
പഞ്ചാബിൽ ആം ആദ്‌മി ആറാട്ട്
കോൺഗ്രസിനെയും ശിരോമണി അകാലിദളിനെയും കാഴ്ചക്കാരാക്കി പഞ്ചാബിൽ പുതിയ ചരിത്രം രചിച്ച് ആംആദ്മി പാർട്ടി. നേതാവ് ഭഗവന്ത് സിംഗ് മാൻ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി ചരൻജിത് സിംഗ് ഛന്നി, പി.സി.സി അദ്ധ്യക്ഷൻ സിദ്ദു, അകാലിദൾ നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ പ്രകാശ് സിംഗ് ബാദൽ, സുഖ്ബീർ സിംഗ് ബാദൽ , കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് എന്നീ പ്രമുഖരെ ആംആദ്‌മി തൂത്തെറിഞ്ഞു.
ധാമി വീണെങ്കിലും വരും
കോൺഗ്രസിൽ നിന്ന് പ്രതീക്ഷിച്ച വെല്ലുവിളിയില്ലാതെ തന്നെ ഉത്തരാഖണ്ഡിൽ ബി.ജെ.പി ഭരണം നിലനിറുത്തിയെങ്കിലും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി തോറ്റത് തിരിച്ചടിയായി. എങ്കിലും ധാമി തന്നെ മുഖ്യമന്ത്രിയായേക്കും. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് പരാജയപ്പെട്ടു.
മണിപ്പൂരിൽ കേവലം
മണിപ്പൂരിൽ ബി.ജെ.പി 32 സീറ്റുകളിൽ ജയിച്ച് കേവല ഭൂരിപക്ഷം നേടിയാണ് ഭരണം നിലനിറുത്തിയത്. സംസ്ഥാനത്ത് തിരിച്ചുവരവിനു ശ്രമിച്ച കോൺഗ്രസിനെയും എൻ.പി.പി, എൻ.പി.എഫ് തുടങ്ങിയ പ്രാദേശിക പാർട്ടികളെയും കവച്ചുവച്ചാണ് മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ നേതൃത്വത്തിൽ വിജയം.
ഗോവയിൽ 20 + 3
കേവല ഭൂരിപക്ഷത്തിന് ഒന്ന് കുറവാണെങ്കിലും 20 സീറ്റുമായി ഗോവയിൽ ബി.ജെ.പി ഭരണത്തുടർച്ച ഉറപ്പാക്കി. മൂന്ന് സ്വതന്ത്രർ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഗവർണറെ കണ്ട് അവകാശവാദമുന്നയിക്കും. 2017ൽ 17 സീറ്റിൽ ജയിച്ച് ഒറ്റക്കക്ഷിയായ ശേഷം ബി.ജെ.പിയുടെ രാഷ്‌ട്രീയ തന്ത്രങ്ങൾക്കു മുന്നിൽ കീഴടങ്ങേണ്ടി വന്ന കോൺഗ്രസിന്റെ പ്രതീക്ഷകൾ ഗോവയിൽ ഇക്കുറി പൊലിഞ്ഞു. 12 സീറ്റേ കിട്ടിയുള്ളൂ.
വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നു: മോദി
കൊവിഡ് പ്രതിരോധത്തിലും വികസനത്തിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിനുള്ള മറുപടിയാണ് ഈ വിജയം. സ്ത്രീകളും യുവവോട്ടർമാരും ബി.ജെ.പിയെ പിന്തുണച്ചു. കഠിനാധ്വാനം ചെയ്ത പ്രവർത്തകർക്ക് വിജയം സമർപ്പിക്കുന്നു.
യു.പിയിലെ വിജയം ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും.
യു.പിയിൽ ജാതി രാഷ്ട്രീയം അവസാനിച്ചു.
- നരേന്ദ്രമോദി, പ്രധാനമന്ത്രി