mg-zs-ev

കൊച്ചി: ഇന്ത്യയിലെത്തി അതിവേഗമാണ് ചൈനീസ് ഉടമസ്ഥതയിലുള്ള എം.ജി. മോട്ടോർ വിപണിയിലെ ശ്രദ്ധേയതാരമായത്. തുടക്കത്തിൽ തന്നെ ഇലക്‌ട്രിക് ശ്രേണിയിലും പുതിയ മോഡൽ എത്തിക്കാനും ഉപഭോക്തൃഹൃദയം കവരാനും എം.ജിക്ക് കഴിഞ്ഞു.
എം.ജി ഇസഡ് എസ് ഇ.വിയുടെ പുതിയ മോഡലും കഴിഞ്ഞദിവസം വിപണിയിലെത്തി. പുത്തൻ സാങ്കേതികവിദ്യയുടെ പിന്തുണയുള്ള,​ 50.3 കിലോവാട്ട് ബാറ്ററിയാണ് മുഖ്യ വിശേഷം. ഒറ്റത്തവണ ഫുൾചാർജിൽ 461 കിലോമീറ്റർ വരെ പോകാം.
എക്‌സൈറ്റ്,​ എക്‌സ്‌ക്ളുസീവ് എന്നീ വേരിയന്റുകളാണുള്ളത്. എക്‌സൈറ്റിന് 21.98 ലക്ഷം രൂപയും എക്‌സ്ക്ളുസീവിന് 25.88 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. എക്‌സ്‌ക്ളുസീവിനായി ഇപ്പോൾ ബുക്ക് ചെയ്യാം. എക്‌സൈറ്റിന്റെ ബുക്കിംഗിന് ജൂലായിൽ തുടക്കമാകും. ആഗോള സർട്ടിഫിക്കേഷനോട് കൂടിയതും എട്ട് പ്രത്യേക സുരക്ഷാ ടെസ്‌റ്റുകളിലൂടെ കടന്നുപോയതുമാണ് ബാറ്ററി. തീപിടുത്തം,​ കൂട്ടിയിടി,​ പൊടി,​ പുക എന്നിവയിൽ നിന്നെല്ലാം സുരക്ഷിതമായാണ് ബാറ്ററി സജ്ജമാക്കിയിട്ടുള്ളത്.
ആഡംബരം നിറഞ്ഞ അകത്തളത്തിൽ പനോരമിക് സൺറൂഫ്,​ ഡിജിറ്റൽ ബ്ളൂടൂത്ത് കീ,​ 360 ഡിഗ്രി കാമറ,​ ഐ-സ്മാർട്ടോടു കൂടി 75ലേറെ കണക്‌ടഡ് ഫീച്ചറുകൾ,​ ലെതർ ഡാഷ് ബോർഡ് എന്നിങ്ങനെ മികവുകൾ ധാരാളം. ആറ് എയർ ബാഗുകളുണ്ട്. 100 പി.എസ് കരുത്തുള്ളതാണ് എൻജിൻ. 8.5 സെക്കൻഡുകൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കും. ഫെറിസ് വൈറ്റ്,​ കറന്റ് റെഡ്,​ ആഷൻ സിൽവർ,​ സേബിൾ ബ്ളാക്ക് നിറങ്ങളിൽ കാർ ലഭിക്കും.