
കൊച്ചി: വിമാനയാത്രക്കാരെ വലച്ച് ടിക്കറ്റ് നിരക്കുകൾ ഉയരുകയാണ്. ഇതിന് പിന്നിൽ കാരണങ്ങൾ നിരവധിയുമാണ്. ക്രൂഡോയിൽ വില 14 വർഷത്തെ ഉയരത്തിലെത്തിയതിന്റെ ചുവടുപിടിച്ച് എണ്ണവിതരണ കമ്പനികൾ വ്യോമ ഇന്ധനം അഥവാ എ.ടി.എഫിന്റെ വിലകൂട്ടിക്കഴിഞ്ഞു.
വിമാനക്കമ്പനികളുടെ ചെലവിന്റെ 40-50 ശതമാനവും എ.ടി.എഫ് വാങ്ങാനാണ് എന്നിരിക്കേ, ആനുപാതികമായി അവ ടിക്കറ്റ് നിരക്കും കൂട്ടും. എന്നാൽ, ഇതുമാത്രമല്ല ടിക്കറ്റ് നിരക്ക് ഉയരാൻ കാരണങ്ങൾ. പരിശോധിക്കാം:
4 ഘടകങ്ങൾ
വിമാനടിക്കറ്റ് നിരക്ക് നിർണയത്തിന് നാല് ഘടകങ്ങളുണ്ട്.
1. എയർലൈൻ കമ്പോണന്റ്.
2. എയർപോർട്ട് ഓപ്പറേറ്റർ ഫീസ്.
3. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയ്ക്ക് (എ.എ.ഐ) നൽകേണ്ട ഫീസ്.
4. സർക്കാരിന് നൽകേണ്ട ഫീസ്.
എയർലൈൻ കമ്പോണന്റ്
അടിസ്ഥാനനിരക്ക്, ഇന്ധനവില, ടെർമിനൽ എക്വിപ്‌മെന്റ് ഫീസ്, ഉപഭോക്തൃസേവന നിരക്ക് എന്നിവ ഉൾപ്പെടുന്നതാണ് എയർലൈൻ കമ്പോണന്റ്.
എയർപോർട്ട് ഓപ്പറേറ്റർ ഫീസ്
വിമാനത്താവള വികസനഫീസ്, ഉപഭോക്തൃസൗകര്യ വികസന ഫീസ് എന്നിവ ഉൾപ്പെടുന്നതാണിത്.
എ.എ.ഐ ഫീസ്
പാസഞ്ചർ സർവീസ് ഫീസിലെ ഒരു വിഹിതമാണ് എ.എ.ഐയ്ക്ക് നൽകേണ്ടത്.
സർക്കാർ ഫീസ്
സർക്കാരിന് നൽകേണ്ട സേവനനിരക്കാണിത്.
₹83
കൊച്ചി, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് പറക്കുന്നവരിൽ നിന്ന് എ.എ.ഐയ്ക്കായുള്ള പാസഞ്ചർ സർവീസ് ഫീസായി ഈടാക്കുന്നത് 83 മുതൽ 236 രൂപവരെയാണ്.
₹63
ഉപഭോക്തൃസൗകര്യ വികസനഫീസ് 63 മുതൽ 142 രൂപവരെ.
₹236
യാത്രക്കാരിൽ നിന്ന് 236 രൂപ സെക്യൂരിറ്റി ഫീസായും ഈടാക്കുന്നുണ്ട്. വിമാനത്താവള സുരക്ഷാച്ചുമതലയുള്ള സി.ഐ.എസ്.എഫിനുള്ള ഫീസാണിത്.