
കാലിഫോർണിയ: ആപ്പിളിന്റെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോണായ എസ്.ഇയുടെ പുത്തൻ പതിപ്പ് വിപണിയിലെത്തി. രണ്ടുവർഷത്തിനുശേഷമാണ് ആപ്പിൾ വീണ്ടും പോക്കറ്റ്-ഫ്രണ്ട്‌ലി ഐഫോൺ അവതരിപ്പിക്കുന്നത്.
64 ജിബി വേരിയന്റിന് 43,900 രൂപയും 128 ജിബി പതിപ്പിന് 48,900 രൂപയുമാണ് വില. 256 ജിബി പതിപ്പിന് വില 58,900 രൂപ. 5ജിയും എ15 ബയോണിജ് ചിപ്പും കരുത്താക്കിയാണ് പുത്തൻ ഐഫോണിന്റെ വരവ്. 4.7 ഇഞ്ച് റെറ്റിന എച്ച്.ഡിയാണ് ഡിസ്‌പ്ളേ. മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന സ്ക്രീനാണിത്. രൂപകല്പന മുൻഗാമിയിലേതിന് സമാനമാണ്.
സ്റ്റാർലൈറ്റ്, മിഡ്നൈറ്റ്, പ്രോഡക്‌ട് റെഡ് കളർ ഓപ്‌ഷനുകളിൽ പുത്തൻ ഐഫോൺ എസ്.ഇ ലഭിക്കും. ഐഫോൺ 8നേക്കാൾ 1.8 മടങ്ങ് അധികവേഗം പുത്തൻ എസ്.ഇയുടെ പെർഫോമൻസിൽ കാണാം. ഫോട്ടോഗ്രഫിക്ക് ഇണങ്ങിയ ഫോണാണിത്. 1.8 അപ്പർച്ചറോട് കൂടിയ വൈഡ് ആംഗിൾ ലെൻസുള്ളതാണ് 12 എം.പി സെൻസെറുള്ള കാമറ.
ഡീപ്പ് ഫ്യൂഷൻ, ഫോട്ടോഗ്രഫിക് സ്‌റ്റൈൽസ്, സ്മാർട്ട് എച്ച്.ഡി.ആർ 4, 4കെ വീഡിയോ റെക്കോഡിംഗ് ടൈം ലാപ്‌സ് വീഡിയോ, നൈറ്റ് മോഡ് ടൈം ലാപ്‌സ് തുടങ്ങിയ മികവുകളുമുണ്ട്.