tax

 നടപ്പുവർഷം ഇതുവരെ വളർച്ച 48%

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അറ്റ പ്രത്യക്ഷ നികുതി വരുമാനം നടപ്പു സാമ്പത്തികവർഷം (2021-22)​ ഏപ്രിൽ ഒന്നുമുതൽ മാർച്ച് 16 വരെയുള്ള കാലയളവിൽ രേഖപ്പെടുത്തിയത് മുൻവർഷത്തെ സമാനകാലത്തേക്കാൾ 48.4 ശതമാനം വളർച്ച. 13.63 ലക്ഷം കോടി രൂപയാണ് ഇക്കുറി നേടിയത്. പരിഷ്കരിച്ച ബഡ്‌ജറ്റ് ലക്ഷ്യത്തേക്കാൾ (റിവൈസ്ഡ് ബഡ്ജറ്റ് എസ്റ്റിമേറ്റ്)​ ഒരുലക്ഷം കോടി രൂപ അധികവുമാണിത്.

മുൻകൂർ നികുതി വരുമാനം 41 ശതമാനം ഉയർന്ന് 6.63 ലക്ഷം കോടി രൂപയായി. സാമ്പത്തികവർഷം അവസാനിക്കാൻ 14 ദിവസം കൂടിശേഷിക്കേ,​ നികുതിവരുമാനത്തിൽ ഇനിയും വലിയ കുതിപ്പുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. നടപ്പുവർഷം കേന്ദ്രം ആദ്യം ലക്ഷ്യമിട്ടിരുന്ന പ്രത്യക്ഷ നികുതിവരുമാനം 11.08 ലക്ഷം കോടി രൂപയായിരുന്നു. പിന്നീടിത് 2022-23ലെ ബഡ്‌ജറ്റിൽ 12.50 ലക്ഷം കോടി രൂപയായി പുനർനിശ്‌ചയിച്ചു.

കേന്ദ്രത്തിന് ആശ്വാസം

പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ചെലവിലൂടെയാണ് നിലവിൽ കേന്ദ്രം കടന്നുപോകുന്നത്. എൽ.ഐ.സിയുടെ ഐ.പി.ഒ ഉൾപ്പെടെ പൊതുമേഖലാ ഓഹരി വില്പന കണക്കുകൂട്ടലുകൾ തെറ്റിച്ച് നീളുകയുമാണ്. ലക്ഷ്യമിട്ട വരുമാനമാർഗങ്ങൾ അടഞ്ഞപ്പോഴും നികുതി വരുമാനം കുത്തനെ കൂടിയത് കേന്ദ്രത്തിന് വലിയ ആശ്വാസമായിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് സമ്പദ്‌പ്രവർത്തനങ്ങൾ വൻ ഉണർവിലേക്ക് തിരിച്ചെത്തിയതിന്റെ സൂചനയായാണ് നികുതിവരുമാന വളർച്ചയെ കേന്ദ്രം വിലയിരുത്തുന്നത്.

₹15.50 ലക്ഷം കോടി

നടപ്പുവർഷം ഇതുവരെ കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനം 15.50 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷം ഇത് 11.20 ലക്ഷം കോടി രൂപയായിരുന്നു. മൊത്തം നികുതി വരുമാനത്തിൽ 6.67 ലക്ഷം കോടി രൂപ സ്രോതസിൽ നിന്നുള്ള നികുതിയാണ് (ടി.ഡി.എസ്)​.

1.34 ലക്ഷം കോടി രൂപ സെൽഫ് അസെസ്‌മെന്റ് നികുതിയിനത്തിലും 55,​249.5 കോടി രൂപ റെഗുലർ അസെസ്‌മെന്റ് നികുതിയായും 7,​486.6 കോടി രൂപ ലാഭവിഹിത വിതരണത്തിൽ നിന്നുള്ള നികുതിയായും ലഭിച്ചു.