
കൊച്ചി: എ.ഡി.വി അഥവാ അഡ്വഞ്ചർ (സാഹസിക) ബൈക്ക് ശ്രേണിയിൽ ജാപ്പനീസ് ബ്രാൻഡായ ഹോണ്ട ഇന്ത്യയിലെത്തിച്ച് വൻ സ്വീകാര്യത നേടിയ മോഡലാണ് ആഫ്രിക്ക ട്വിൻ.
ഈ ഫ്ളാഗ്ഷിപ്പ് ബൈക്കിന്റെ 'അഡ്വഞ്ചർ സ്പോർട്സ് " പതിപ്പ് കഴിഞ്ഞദിവസം ഹോണ്ട പുറത്തിറക്കി. എക്സ്ഷോറൂം വില 16.01 ലക്ഷം രൂപ. ഹോണ്ടയുടെ ബിഗ് വിംഗ് ടോപ്ലൈൻ ഷോറൂമുകളിലൂടെയാണ് ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സ് ലഭിക്കുക. ബുക്കിംഗിന് തുടക്കമായി.പൂർണമായും വിദേശത്ത് നിർമ്മിച്ച ഘടകങ്ങൾ ഇന്ത്യയിലെത്തിച്ച് അസംബിൾ ചെയ്താണ് (സി.ബി.യു) വില്പന.
മാനുവൽ ഗിയർ ബോക്സ്, ഡി.സി.ടി ഗിയർ ബോക്സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളുണ്ട്. രണ്ടിനം ഓരോ നിറഭേദമാണുള്ളത് - പേൾ ഗ്ളെയർ വൈറ്റ് ട്രൈകളറും മാറ്റ് ബാലിസ്റ്റിക് ബ്ളാക്ക് മെറ്റാലിക്കും. ഡി.സി.ടി പതിപ്പിന് വില 17.55 ലക്ഷം രൂപയാണ് (എക്സ്ഷോറൂം). 1,083 സി.സി ലിക്വിഡ് കൂൾഡ് എൻജിനാണുള്ളത്. കരുത്ത് 98 പി.എസ്. ടോർക്ക് 103 എൻ.എം. ഗിയർബോക്സ്: 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡ്യുവൽ ക്ളച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ.
ടൂർ, അർബൻ, ഗ്രേവൽ, ഓഫ്-റോഡ് എന്നീ റൈഡിംഗ് മോഡുകളുണ്ട്. റാലി-സ്റ്റൈൽ എൽ.സി.ഡി ഇൻസ്ട്രുമെന്റ് കൺസോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ളേ കണക്ടിവിറ്റി, ഡ്യുവൽ എൽ.ഇ.ഡി ഹെഡ്ലൈറ്റും ഡി.ആർ.എല്ലും എന്നിങ്ങനെ മികവുകളാൽ സമ്പന്നവുമാണ് പുത്തൻ ആഫ്രിക്ക ട്വിൻ.