
കൊച്ചി: ഇന്ത്യയുടെ കാർഷിക കയറ്റുമതി വരുമാനം ചരിത്രത്തിലാദ്യമായി 5,000 കോടി ഡോളർ (ഏകദേശം 3.75 ലക്ഷം കോടി രൂപ) പിന്നിടാനൊരുങ്ങുന്നു. കൊവിഡിന് മുമ്പത്തേക്കാളും മികച്ച പ്രകടനമാണ് കൊവിഡ് കാലത്ത് കാർഷിക കയറ്റുമതി കാഴ്ചവയ്ക്കുന്നത്.
ഇറച്ചി, സമുദ്രോത്പന്നങ്ങൾ, അരി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കുള്ള മികച്ച ഓർഡറുകളാണ് പ്രധാന കരുത്ത്. ആഗോള അരിവിപണിയിൽ 50 ശതമാനം വിഹിതമെന്ന നേട്ടവും നടപ്പുവർഷം ഇന്ത്യ പിന്നിട്ടുകഴിഞ്ഞു. നടപ്പുവർഷം ഏപ്രിൽ മുതൽ ഡിസംബർവരെ കാലയളവിൽ 2020ലെ സമാനകാലത്തേക്കാൾ 46 ശതമാനം വളർച്ചയാണ് ബസുമതി ഇതര അരി കയറ്റുമതി രേഖപ്പെടുത്തിയത്.
കാപ്പി 43 ശതമാനം, ഗോതമ്പ് 416 ശതമാനം, മറ്റ് ധാന്യങ്ങൾ 72 ശതമാനം, കശുഅണ്ടി 16 ശതമാനം, പഞ്ചസാര 61 ശതമാനം, പഴങ്ങൾ 28 ശതമാനം, പാലുത്പന്നങ്ങൾ 82 ശതമാനം, സമുദ്രോത്പന്നങ്ങൾ 35 ശതമാനം എന്നിങ്ങനെയും വർദ്ധന ഈവർഷമുണ്ടായി.
കിതപ്പും കുതിപ്പും
(കാർഷിക കയറ്റുമതി വരുമാനം - കോടിയിൽ)
 2013-14 : $4,323
 2016-17 : $3,368
 2020-21 : $4,132
$400 കോടി
സുഗന്ധവ്യഞ്ജന കയറ്റുമതി നടപ്പുവർഷം ഇതിനകം 400 കോടി ഡോളർ പിന്നിട്ടു. എക്കാലത്തെയും ഉയരമാണിത്.