cait

 വില്പനവളർച്ച 30%,​ വരുമാനം ₹20,​000 കോടി.

കൊച്ചി: ഇക്കുറി ഹോളിക്കാലത്തെ വില്പന കഴിഞ്ഞവർഷത്തേക്കാൾ 30 ശതമാനം വർദ്ധിച്ചുവെന്നും 20,000 കോടി രൂപയുടെ കച്ചവടം രാജ്യവ്യാപകമായി നടന്നുവെന്നും റീട്ടെയിൽ കച്ചവടക്കാരുടെ കൂട്ടായ്‌മയായ കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സി.എ.ഐ.ടി)​ വിലയിരുത്തൽ. കൊവിഡിൽ വൻ തിരിച്ചടി നേരിട്ട ഇന്ത്യൻ റീട്ടെയിൽ വിപണിക്ക് ഹോളിക്കാലം നൽകിയത് വൻ ഉന്മേഷമാണെന്നും സി.എ.ഐ.ടി വ്യക്തമാക്കി.

ഇക്കുറി ചൈനീസ് ഉത്പന്നങ്ങളുടെ കച്ചവടവും തീരെക്കുറവായിരുന്നു. സാധാരണ ഹോളിക്ക് ശരാശരി 10,​000 കോടി രൂപയുടെ ഇറക്കുമതി ചൈനയിൽ നിന്നുണ്ടാകാറുണ്ട്. പ്രധാനമായും നിറവസ്തുക്കൾ,​ കളിപ്പാട്ടങ്ങൾ,​ ബലൂൺ തുടങ്ങിയവയാണ് ഇറക്കുമതി ചെയ്യുന്നത്. ഇക്കുറി അതുണ്ടായില്ലെന്ന് സി.എ.ഐ.ടി ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ നിർമ്മിച്ച ഹെർബൽ കളർ,​ വാട്ടർ ഗൺ,​ ബലൂൺ,​ ചന്ദനം,​ ഡ്രസ് മെറ്റീരിയലുകൾ എന്നിവയ്ക്ക് ഇക്കുറി വലിയ ഡിമാൻഡുണ്ടായി. മധുരപലഹാരങ്ങൾ,​ ഡ്രൈ ഫ്രൂട്ട്‌സ്,​ ഗിഫ്‌റ്റ് ഐറ്റങ്ങൾ,​ വസ്ത്രം,​ പൂക്കൾ,​ പഴവർഗങ്ങൾ,​ കളിപ്പാട്ടം,​ എഫ്.എം.സി.ജി ഉത്‌പന്നങ്ങൾ,​ പൂജാ വസ്തുക്കൾ എന്നിവയ്ക്കും വലിയ കച്ചവടം ലഭിച്ചു.

കൊവിഡ് നിയന്ത്രണങ്ങൾ അയയുകയും രാജ്യവ്യാപകമായി ഹോളി ആഘോഷങ്ങൾ ഉഷാറാവുകയും ചെയ്‌തതാണ് ഇത്തവണ ഹോളിക്കച്ചവടം പൊടിപൊടിക്കാൻ സഹായകമായതെന്നും സംഘടന പറഞ്ഞു. രാജ്യത്തെ 40,​000 റീട്ടെയിൽ അസോസിയേഷനുകളുടെയും എട്ടുകോടിയോളം ട്രേഡർമാരുടെയും കൂട്ടായ്‌മയാണ് സി.എ.ഐ.ടി