
 വില്പനവളർച്ച 30%, വരുമാനം ₹20,000 കോടി.
കൊച്ചി: ഇക്കുറി ഹോളിക്കാലത്തെ വില്പന കഴിഞ്ഞവർഷത്തേക്കാൾ 30 ശതമാനം വർദ്ധിച്ചുവെന്നും 20,000 കോടി രൂപയുടെ കച്ചവടം രാജ്യവ്യാപകമായി നടന്നുവെന്നും റീട്ടെയിൽ കച്ചവടക്കാരുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ (സി.എ.ഐ.ടി) വിലയിരുത്തൽ. കൊവിഡിൽ വൻ തിരിച്ചടി നേരിട്ട ഇന്ത്യൻ റീട്ടെയിൽ വിപണിക്ക് ഹോളിക്കാലം നൽകിയത് വൻ ഉന്മേഷമാണെന്നും സി.എ.ഐ.ടി വ്യക്തമാക്കി.
ഇക്കുറി ചൈനീസ് ഉത്പന്നങ്ങളുടെ കച്ചവടവും തീരെക്കുറവായിരുന്നു. സാധാരണ ഹോളിക്ക് ശരാശരി 10,000 കോടി രൂപയുടെ ഇറക്കുമതി ചൈനയിൽ നിന്നുണ്ടാകാറുണ്ട്. പ്രധാനമായും നിറവസ്തുക്കൾ, കളിപ്പാട്ടങ്ങൾ, ബലൂൺ തുടങ്ങിയവയാണ് ഇറക്കുമതി ചെയ്യുന്നത്. ഇക്കുറി അതുണ്ടായില്ലെന്ന് സി.എ.ഐ.ടി ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ നിർമ്മിച്ച ഹെർബൽ കളർ, വാട്ടർ ഗൺ, ബലൂൺ, ചന്ദനം, ഡ്രസ് മെറ്റീരിയലുകൾ എന്നിവയ്ക്ക് ഇക്കുറി വലിയ ഡിമാൻഡുണ്ടായി. മധുരപലഹാരങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, ഗിഫ്റ്റ് ഐറ്റങ്ങൾ, വസ്ത്രം, പൂക്കൾ, പഴവർഗങ്ങൾ, കളിപ്പാട്ടം, എഫ്.എം.സി.ജി ഉത്പന്നങ്ങൾ, പൂജാ വസ്തുക്കൾ എന്നിവയ്ക്കും വലിയ കച്ചവടം ലഭിച്ചു.
കൊവിഡ് നിയന്ത്രണങ്ങൾ അയയുകയും രാജ്യവ്യാപകമായി ഹോളി ആഘോഷങ്ങൾ ഉഷാറാവുകയും ചെയ്തതാണ് ഇത്തവണ ഹോളിക്കച്ചവടം പൊടിപൊടിക്കാൻ സഹായകമായതെന്നും സംഘടന പറഞ്ഞു. രാജ്യത്തെ 40,000 റീട്ടെയിൽ അസോസിയേഷനുകളുടെയും എട്ടുകോടിയോളം ട്രേഡർമാരുടെയും കൂട്ടായ്മയാണ് സി.എ.ഐ.ടി