
ഭൂമി തരംമാറ്റത്തിലുള്ള കാലവിളംബത്തിന് പരിഹാരം കാണണമെന്ന് കേരളകൗമുദി സർക്കാരിനോടഭ്യർത്ഥിച്ചതിന്റെ (ഫെബ്രുവരി 23) അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചതായി റവന്യൂമന്ത്രി പ്രസ്താവിച്ചിരുന്നു. പല റവന്യൂഓഫീസുകളിലും വസ്തുവിന്റെ ഇപ്പോഴത്തെ സ്ഥിതി നിശ്ചയിക്കുന്നത് കേരളപ്പിറവിയുടെ കാലത്തെ ബി.ടി.ആറിന്റെ ചുവടുപിടിച്ചാണ്. അരനൂറ്റാണ്ടിന് ശേഷമുള്ള മാറ്റങ്ങൾ കാണാതെ 'നിലമെന്ന്' രേഖപ്പെടുത്തിയ കരക്കുറിയാണ് നൽകുന്നത്. കൃഷിഭവനിൽ സൂക്ഷിച്ചിരിക്കുന്ന ഡേറ്റാബാങ്ക് നിലവിലെ സ്ഥിതി വെളിപ്പെടുത്തുന്നു. ഡേറ്റാബാങ്കിൽ ഉൾപ്പെടാത്ത വസ്തുക്കൾ പുരയിടമായിട്ടാണ് നിഷ്‌കർഷിക്കുന്നത്.
2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഓരോ വർഷവും പഞ്ചായത്തടിസ്ഥാനത്തിൽ പ്രാദേശിക നിരീക്ഷണസമിതി യോഗം ചേർന്ന് വസ്തുവിന്റെ ഒടുവിലത്തെ സ്ഥിതി അസാധാരണ ഗസറ്റായി പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ വിജ്ഞാപനം ആധികാരിക രേഖയാക്കിയാൽ ശാശ്വത പരിഹാരമാകും.
കെ.പി. ഭാൻഷായ് മോഹൻ
കരുവാറ്റ, ആലപ്പുഴ