തിരുവനന്തപുരം: സ്പാർക്കിൽ പ്രൈമറി അറബിക് അദ്ധ്യാപകരുടെ ഉദ്യോഗപ്പേര് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് തിരുത്തണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ ) സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ വകുപ്പിൽ ഗവൺമെന്റ്, എയ്ഡഡ് മേഖലയിൽ " ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് ' തസ്തികയിലുള്ളവരെയാണ് സ്പാർക്കിൽ 'ജൂനിയർ ലാംഗ്വേജ് ടീച്ചർ പാർട്ട് ടൈം വിത്ത് ഫുൾടൈം ബെനിഫിറ്റ് 'എന്നുള്ള തെറ്റായ ഉദ്യോഗപ്പേരിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിക്കു ശേഷമാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പെടെയുള്ളവർക്ക് കെ.എ.എം.എ നിവേദനം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്ത എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് എ.എ ജാഫർ അദ്ധ്യക്ഷത വഹിച്ചു.