exam

ഹയർ സെക്കൻഡറി പരീക്ഷ ഇന്നും എസ്.എസ്.എൽ.സി പരീക്ഷ നാളെയും ആരംഭിക്കുകയാണ്. ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് ഒരുങ്ങുവാൻ ചില പൊടിക്കൈകൾ:

 മനസ്സിൽ ആത്മവിശ്വാസമുറപ്പിക്കുക. ഉറക്കമുണർന്നാലുടൻ,​ ഞാൻ ജയിക്കും, ജയിക്കും എന്ന് കണ്ണടച്ചിരുന്നോ കണ്ണാടിക്കു മുന്നിൽ നിന്നോ പറയുക.

 പരീക്ഷപ്പേടി ഒഴിവാക്കുക. സ്‌കൂളുകളിലെ പ്രീമോഡൽ, മോഡൽ പരീക്ഷകൾ എഴുതിയതല്ലേ?​ പിന്നെന്തിന് പേടി!

 അറിയാമോ?​ എസ്.എസ്.എൽ.സി പരീക്ഷയ്ക്കായി തയ്യാറാക്കിയ ചോദ്യക്കടലാസുകളിൽ ഒന്നാണ് മോഡൽ പരീക്ഷയ്ക്ക് ഉപയോഗിച്ചത്.

 രാവിലെ 5 മുതൽ 8 വരെയും രാത്രി 7 മുതൽ 10 വരെയുമാണ് പഠിക്കാൻ നല്ല സമയം. ആ സമയത്ത് മറ്റു ചിന്തകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

 കിടന്നോ ചാരിക്കിടന്നോ പഠിക്കരുത്. ശരീരം നേരെ വരത്തക്കവിധം ഇരുന്ന് പഠിക്കുക. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക.

 രാത്രി 10 മുതൽ രാവിലെ 5 വരെ സ്വസ്ഥമായി ഉറങ്ങുക. ഉറക്കമിളച്ച് പഠിക്കരുത്. പഠിച്ചത് സ്വാംശീകരിക്കാൻ തലച്ചോറിന് സമയം വേണം.

 വായനയിൽ ലഭിക്കുന്ന വിവരങ്ങൾ കുറിപ്പാക്കി വയ്ക്കുക. സൂത്രവാക്യങ്ങൾ, നിർവചനങ്ങൾ എന്നിവ വലിയ പേപ്പറിൽ എഴുതി കിടപ്പുമുറിയിൽ ഒട്ടിക്കുക.

 പാഠാംശങ്ങൾ മുഴുവനായി ഓർത്തുവയ്ക്കാൻ ശ്രമിക്കുന്നതിനു പകരം പോയിന്റുകളായി ഓർത്തുവയ്ക്കുക.

 പഠിച്ചത് മനസ്സിൽ തങ്ങിനിൽക്കാൻ അവ മനസ്സിൽ പല പ്രാവശ്യം ആവർത്തിക്കുക.

 ലഭ്യമായ പഴയ ചോദ്യക്കടലാസുകളിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി നോക്കാവുന്നതാണ്.

 ഹാൾ ടിക്കറ്റ്, പേന, പെൻസിൽ, ഇറൈസർ, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങിയവ നേരത്തേ തയ്യാറാക്കി വയ്ക്കുക.

 മനസ്സ് ശാന്തമായിരിക്കട്ടെ. അവസാന നിമിഷം മറ്റുളളവർ പറയുന്ന ഒരു ചോദ്യമോ പാഠഭാഗമോ പഠിച്ചില്ലല്ലോ എന്ന് ടെൻഷനടിക്കരുത്.

 പരീക്ഷയുടെ ആദ്യത്തെ 15 മിനിട്ട് കൂൾ ഓഫ് ടൈമാണ്. ഈ സമയത്ത് ചോദ്യങ്ങൾ ശ്രദ്ധാപൂർവം വായിക്കുക.

 എത്ര ചോദ്യങ്ങൾ, എന്തൊക്കെ എഴുതണം, ഓരോ ചോദ്യത്തിനുളള നിർദ്ദേശങ്ങൾ തുടങ്ങിയവ വായിച്ചു മനസ്സിലാക്കണം.
 ആകെ സമയം, മാർക്ക് എന്നിവ എങ്ങനെ ക്രമീകരിക്കണമെന്ന് ചിന്തിക്കണം. സമയക്രമീകരണം പ്രധാനമാണ്.

 40 മാർക്കിന്റെ പരീക്ഷയ്ക്ക് ഒന്നര മണിക്കൂറാണ് (90 മിനിട്ട്) സമയം ലഭിക്കുക. ഇവിടെ ഒരു മാർക്കിന് ഉത്തരമെഴുതാൻ രണ്ടു മിനിട്ട് വരെ ഉപയോഗിക്കാം. 80 മാർക്കിന്റെ പരീക്ഷയ്ക്ക് രണ്ടര മണിക്കൂറാണ് (150 മിനിട്ട്) സമയം ലഭിക്കുക. ഒരു മാർക്കിന് ഉത്തരമെഴുതാൻ ഒന്നര മിനിട്ട് മാത്രമേ എടുക്കാവൂ. ഇവിടെ രണ്ടു മിനിട്ട് കിട്ടില്ലെന്ന് ഓർക്കുക.
 അഞ്ചു മാർക്കിന് ചോദിക്കുമെന്നു കരുതിയ ചോദ്യം രണ്ടു മാർക്കിനാണ് ചോദിച്ചിരിക്കുന്നതെങ്കിൽ ചുരുക്കിയെഴുതാൻ മറക്കരുത്.

 ഒരു പേജിൽ 80 വാക്കുകളാണ് സാധാരണയായി ഉൾക്കൊള്ളുന്നത്. അതുകൊണ്ട് 120 വാക്കിൽ എഴുതാനുളള ചോദ്യത്തിന് രണ്ടു പേജിലധികം ഉത്തരമെഴുതാൻ ശ്രമിക്കരുത്.

 ഒരു ചോദ്യവും വിട്ടുകളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അച്ഛനമ്മമാർ

അറിയാൻ

 കുട്ടിക്ക് സ്വസ്ഥമായിരുന്ന് പഠിക്കാനുളള അവസരവും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുക.

 ഉയർന്ന ഗ്രേഡ്, ഫുൾ എ+, പ്ളസ് ടു,​ ഡിഗ്രി അഡ്മിഷൻ തുടങ്ങിയ വിഷയങ്ങൾ പറഞ്ഞ് കുട്ടിയെ സമ്മർദ്ദത്തിലാക്കരുത്.
 പരീക്ഷയ്ക്ക് സമയത്ത് എത്തിച്ചേരാനും തിരികെ വീട്ടിലെത്താനും കുട്ടിയെ സഹായിക്കുക.

 എഴുതിയ പരീക്ഷയെക്കുറിച്ച് കൂടുതൽ ചോദിച്ച് അവരെ സമ്മർദ്ദത്തിലാക്കരുത്.

തയ്യാറാക്കിയത്:

..............................

ജോസ് ഡി. സുജീവ്
ഗവ. ഗേൾസ് എച്ച്.എസ്.എസ്,​ കോട്ടൺഹിൽ
(എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ)