apollo

ചെന്നൈ: ഒരേസമയം ഒരുരോഗിയിൽ രണ്ടു ശസ്ത്രക്രിയകൾ വിജയകരമായി നടത്തി ചെന്നൈ അപ്പോളോ ആശുപത്രി. 75കാരനായ ശ്രീലങ്കക്കാരന്റെ ഹൃദയത്തിൽ രക്തധമനി മാറ്റിവയ്ക്കുകയും മിത്രക്ളിപ്പ് ഘടിപ്പിക്കുകയുമാണ് ചെയ്‌തത്.

ഡോ.സായി സതീഷിന്റെ നേതൃത്വത്തിലായിരുന്നു ഏഷ്യയിൽ തന്നെ ആദ്യമായ ഈ അപൂർവ ശസ്‌ത്രക്രിയ. ഹൃദയധമനികളിലേക്കുള്ള രക്തച്ചോർച്ച തടയാനായിരുന്നു മിത്രക്ളിപ്പ് ഘടിപ്പിച്ചത്. തുറന്ന ഹൃദയശസ്ത്രക്രിയ ആവശ്യമില്ല എന്നതാണ് മിത്രക്ളിപ്പിന്റെ നേട്ടം. ശസ്ത്രക്രിയയ്ക്കുശേഷം 48 മണിക്കൂറിനുള്ളിൽ തന്നെ രോഗി മരുന്നുകളോട് പ്രതികരിച്ചെന്ന് ഡോ.സായ് സതീഷ് പറഞ്ഞു.

ശ്രീലങ്കൻ സ്വദേശിക്ക് ശസ്ത്രക്രിയ നടത്തിയ ദിവസം തന്നെ ഡോ.സായ് സതീഷ് മറ്റ് 13 പേർക്കുകൂടി ശസ്ത്രക്രിയ നടത്തി. ഇത് അപൂർവ നേട്ടമാണ്. ശ്രീലങ്കൻ സ്വദേശിയെയും ഡോക്‌ടർമാരുടെ സംഘത്തെയും അനുമോദിക്കുന്ന ചടങ്ങിൽ അപ്പോളോ ആശുപത്രി വൈസ് ചെയർമാൻ പ്രീത റെഡ്ഡിയും സംബന്ധിച്ചു.