
ചെന്നൈ: കാമ്പസ് റിക്രൂട്ട്‌മെന്റിൽ വീണ്ടും മികവിന്റെ തിളക്കവുമായി വി.ഐ.ടി. ഈമാസം 24 വരെ വി.ഐ.ടി-എ.പി കാമ്പസിൽ നിന്ന് 627 വിദ്യാർത്ഥികൾക്ക് ജോലി ലഭിച്ചു. മൊത്തം 1,175 ജോലി ഓഫറുകളുണ്ടായി. ബി.ടെക് സി.എസ്.ഇ വിദ്യാർത്ഥിയായ സുധാൻഷു ദോഡ്ഡി ഏറ്റവും ഉയർന്ന ശമ്പള പാക്കേജ് നേടി.
അമേരിക്ക ആസ്ഥാനമായ മുൻനിര അനലിറ്റിക്‌സ് കമ്പനി സുധാൻഷുവിന് വാഗ്‌ദാനം ചെയ്‌തത് 63 ലക്ഷം രൂപ വാർഷിക ശമ്പളമാണ്. കഴിഞ്ഞവർഷത്തെ റിക്രൂട്ട്‌മെന്റിൽ ഓഫർലഭിച്ച ഏറ്റവും ഉയർന്ന ശമ്പളം 20 ലക്ഷം രൂപയായിരുന്നു. ഇക്കുറി ശരാശരി ശമ്പള ഓഫർ കഴിഞ്ഞവർഷത്തെ 6.77 ലക്ഷം രൂപയിൽ നിന്ന് 7.3 ലക്ഷം രൂപയായും ഉയർന്നു.
ഇന്റൽ, വീസ, മൈക്രോസോഫ്‌റ്റ്, വോൾമാർട്ട്, അഡോബീ, ആമസോൺ, ഗോൾഡ്മാൻ സാച്‌സ്, ഡെലോയിറ്റ്, ഐ.ബി.എം., ജെ.പി. മോർഗൻ ചേസ്, പെപ്‌സി തുടങ്ങിയ കമ്പനികളാണ് ഇക്കുറി കാമ്പസ് റിക്രൂട്ട്‌മെന്റിൽ സംബന്ധിച്ചത്.
ഉയർന്ന വേതന ഓഫർ ലഭിച്ച സുധാൻഷുവിനെ വി.ഐ.ടി സ്ഥാപകനും ചാൻസലറുമായ ഡോ.ജി.വിശ്വനാഥൻ, വൈസ് ചാൻസലർ ഡോ.എസ്.വി.കോട്ട റെഡ്ഡി, കരിയർ ഡെവലപ്‌മെന്റ് സെന്റർ ഡയറക്‌ടർ ഡോ.വി.സാമുവൽ രാജ്കുമാർ, രജിസ്‌ട്രാർ ഡോ.സി.എൽ.വി.ശിവകുമാർ, കരിയർ ഡെവലപ്‌മെന്റ് സെന്റർ ഡെപ്യൂട്ടി ഡയറക്‌ടർ ഡോ.പ്രദീപ് റെഡ്ഡി തുടങ്ങിയവർ അനുമോദിച്ചു.