bindu

ഇടുക്കി: വിരലുകളില്ലാത്ത ഇരുകൈകളിലും പേന ചേർത്ത് വടിവൊത്ത അക്ഷരത്തിൽ ബിന്ദു ആദ്യമായി ഒരു പുസ്തകത്തിന് അവതാരികയെഴുതിയപ്പോൾ,​ അത് തന്റെ പ്രിയ അദ്ധ്യാപകനുള്ള ഗുരുദക്ഷിണ കൂടിയായി. ജലവിഭവവകുപ്പ് ജീവനക്കാരനായ കെ.പി. സുഭാഷ് ചന്ദ്രന്റെ ഇടുക്കി ജില്ലയെക്കുറിച്ചുള്ള 'ഇടുക്കി ഇന്നലെകൾ" എന്ന പുസ്തകത്തിലാണ് ഭിന്നശേഷിക്കാരി അവതാരികയെഴുതിയത്. ബൈസൺവാലി മുട്ടുകാട് കുറ്റിയാനിക്കൽ കെ.ആർ. ബിന്ദുവിന്റെ കൈകാലുകൾക്ക് പൂർണവളർച്ചയില്ല. സുഭാഷ്ചന്ദ്രൻ മുമ്പ് ബൈസൺവാലിയിൽ ഒരു പാരലൽ കോളേജിൽ അദ്ധ്യാപകനായിരിക്കെ ബിന്ദവിനെ പഠിപ്പിച്ചിട്ടുണ്ട്. നല്ല വടിവൊത്ത അക്ഷരത്തിൽ എഴുതാനും മനോഹരമായ ചിത്രങ്ങൾ വരയ്ക്കാനുമുള്ള ബിന്ദുവിന്റെ കഴിവ് അന്നേ സുഭാഷ് ശ്രദ്ധിച്ചിരുന്നു. പിന്നീട് അവളുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതടക്കമുള്ള പല സഹായങ്ങളും ചെയ്ത് നൽകിയത് സുഭാഷ്ചന്ദ്രനായിരുന്നുയിരുന്നു. അങ്ങനെയാണ് ബിന്ദുവിന്റെ സർഗശേഷിയെക്കുറിച്ച് ഉത്തമബോധ്യമുള്ള സുഭാഷ് ഇടുക്കിയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് താൻ തയ്യാറാക്കിയ പുസ്തകത്തിന് അവതാരികയെഴുതാൻ ഈ 47കാരിയെ തന്നെ തിരഞ്ഞെടുത്തത്. ബിന്ദുവിനൊപ്പം മുട്ടിക്കാട്ടിലെ വീട്ടിൽ കുലിവേലക്കാരിയായ അമ്മ മാത്രമാണുള്ളത്. 30 വർഷം മുമ്പ് അമ്മയെയും അഞ്ച് പെൺമക്കളെയും അച്ഛൻ ഉപേക്ഷിച്ചതാണ്. മൂത്തമകളാണ് ബിന്ദു. ഇളയ നാല് പെൺമക്കളെയും വിവാഹം ചെയ്തയച്ചു. ആകെയുള്ള സമ്പാദ്യം 10 സെന്റ് സ്ഥലവും ആശ്രയ പദ്ധതിയിലൂടെ കിട്ടിയ വീടുമാണ്. പ്രായമായ അമ്മ തൊഴിലുറപ്പിന് പോകും. നാട്ടുകാരും സഹായിക്കും. ഒരു വിദേശ മലയാളി സംഭാവന ചെയ്ത ഫോട്ടോസ്റ്റാറ്റ് മെഷീൻ ഉപയോഗിച്ച് വീട്ടിൽ തന്നെ ചെറിയൊരു സ്ഥാപനം നടത്തിയാണ് ബിന്ദുവിന്റെ ഉപജീവനം. വീട് മാത്രമാണ് മുട്ടിലിഴഞ്ഞ് നടക്കുന്ന അവളുടെ ലോകം. തനിക്ക് ഒട്ടേറെ സഹായങ്ങൾ ചെയ്തിട്ടുള്ള അദ്ധ്യാപകന്റെ പുസ്തകത്തിന് അവതാരികയെഴുതാൻ അവസരം ലഭിച്ചത് ഏറ്റവും വലിയ ഭാഗ്യമായാണ് ബിന്ദു കരുതുന്നത്. ബിന്ദുവിനെ അവതാരികയെഴുതാൻ തിരഞ്ഞെടുക്കുമ്പോൾ അതുവഴി കുടുംബത്തിന് ഏതെങ്കിലും സഹായം ലഭിക്കുമെന്ന പ്രതീക്ഷയും സുഭാഷ് ചന്ദ്രനുണ്ടായിരുന്നു. അടിമാലിയിലെ കോനാട്ട് പബ്ളിക്കേഷൻ വഴി പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശന കർമ്മം ജില്ലാ കളക്ടർ ഷീബാ ജോർജിന് നൽകി മന്ത്രി റോഷി അഗസ്റ്റ്യനാണ് നിർവഹിച്ചത്. കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയെക്കുറിച്ചുള്ള സുഭാഷ് ചന്ദ്രന്റെ ആദ്യ പുസ്തകമായ 'ഇടമലക്കുടിക്ക് " അവതാരിക എഴുതിയത് മന്ത്രി കെ. രാധാകൃഷ്ണനായിരുന്നു. ഇതേ പുസ്തകം 2018ൽ പി.ആർ.ഡി ഏറ്റെടുത്ത് പ്രസിദ്ധീകരിച്ചു സൗജന്യമായി വിതരണം ചെയ്തിരുന്നു.