തൊടുപുഴ: തൊടുപുഴയിൽ മൂന്നാമത്തെ സിവിൽ സ്റ്റേഷൻ മുണ്ടേക്കല്ലിൽ വരുന്നു. സിവിൽ സ്റ്റേഷൻ മൂന്നാം അനക്‌സിന്റെ നിർമ്മാണം മുണ്ടേക്കല്ലിലെ ഒന്നേമുക്കാൽ ഏക്കർ സ്ഥലത്ത് ഒരാഴ്ചയ്ക്കകം നിർമാണം ആരംഭിക്കും. എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചതായി സ്ഥലത്ത് സന്ദർശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. മുണ്ടേക്കല്ലിൽ എം.വി.ഐ.പിയുടെ കൈവശം ഉണ്ടായിരുന്ന സ്ഥലം കെട്ടിട നിർമ്മാണത്തിനായി റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. പി.ജെ. ജോസഫ് ജല

വിഭവ വകുപ്പ് മന്ത്രി ആയിരിക്കെയാണ് സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ഭരണാനുമതിയും സാമ്പത്തിക അനുമതിയും ലഭിച്ചത്. കെട്ടിട നിർമ്മാണം ഏറ്റെടുത്ത കരാറുകാരന് നിർമ്മാണത്തിനുള്ള വസ്തു കൈമാറ്റം ചെയ്തിട്ടുണ്ട്. വസ്തുവിൽ നിന്നിരുന്ന വലിയ വൃക്ഷങ്ങൾ ലേലം ചെയ്ത് വെട്ടി മാറ്റി. ഈ സ്ഥലത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന ഫയർ സ്റ്റേഷൻ നേരത്തെ വെങ്ങല്ലൂരിൽ നഗരസഭ വക വ്യവസായ പ്ലോട്ടിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചിരുന്നു. എം.വി.ഐ.പിയുടെയും ജലസേചന വകുപ്പിന്റെയും മൂന്ന് ഓഫീസുകളും മാറ്റി സ്ഥാപിച്ചു. നഗരസഭയാണ് ഇതിന് സൗകര്യം ഒരുക്കിയത്. എം.വി.ഐ.പിയുടെയും മൂന്ന് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ പൊളിച്ചു നീക്കി. ഫയർ സ്റ്റേഷനും ഓഫീസുകളും പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ ഇതിനോടകം പൊളിച്ചു മാറ്റിയിട്ടുണ്ട്.
കെട്ടിട നിർമ്മാണത്തിനായി വസ്തുവിൽ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് മാറ്റി ഇടാൻ നഗരസഭ കൗൺസിൽ യോഗം അനുവദിച്ചിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്ന നടപടി ഒരാഴ്ചക്കകം ആരംഭിക്കും. വെട്ടിമാറ്റിയ മരങ്ങളുടെ വില കരാറുകാരൻ കെട്ടി വെച്ചതായി തൊടുപുഴ തഹസിൽദാർ അറിയിച്ചു. എം.എൽ.എയോടൊപ്പം നഗരസഭ കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, നീനു പ്രശാന്ത്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ദീപക്, അഡ്വ. ജോസി ജേക്കബ്, ട്രാക് പ്രസിഡന്റ് ജെയിംസ് ടി. മാളിയേക്കൽ, സബ്‌സ്റ്റേഷൻ, തച്ചേട്ട് നഗർ, കോഓപ്പറേറ്റീവ് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, പൊതുമരാമത്ത് കെട്ടിട നിർമ്മാണ വിഭാഗം എൻജിനിയർമാർ, നിർമ്മാണ കരാറുകാരൻ തുടങ്ങിയവർ പങ്കെടുത്തു.

ചെലവ് 23 കോടി,​ ഒമ്പത് നിലകൾ

23 കോടി രൂപ ചിലവ് വരുന്ന സിവിൽ സ്റ്റേഷൻ മൂന്നാം ബ്ലോക്കിന് ഒമ്പത് നിലകളുണ്ടാവും. ഇതിൽ ബേസ്‌മെന്റ് വാഹന പാർക്കിംഗിനായി വിനിയോഗിക്കും. ബാക്കി എട്ട് നിലകളിലായി 37 സർക്കാർ ഓഫീസുകൾ പ്രവർത്തിക്കാനുള്ള സ്ഥല സൗകര്യം ഉണ്ടാവും. 70,000 ചതുരശ്ര അടി വിസ്തീർണ്ണമാണ് കെട്ടിടത്തിന് ഉണ്ടാവുക. സിവിൽ സ്റ്റേഷൻ കെട്ടിടത്തിനോട് അനുബന്ധിച്ച് മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യം ഉണ്ടാകും. ശുദ്ധജല സാനിറ്ററി സൗകര്യങ്ങൾ, മഴവെള്ള സംഭരണി, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വൈദ്യുതി ഇൻസിനേറ്റർ, ലിഫ്‌റ്റ് ഫയർ ഫൈറ്റിംഗ് സംവിധാനങ്ങൾ, പൊതുജനങ്ങൾക്കായി ടോയ്‌ലറ്റ് സൗകര്യങ്ങൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവ ഉണ്ടാവും.