ചെറുതോണി: ഇടുക്കി താലൂക്കിലെ ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിലെ പട്ടയ നടപടികൾ സംബന്ധിച്ച് ഭരണമുന്നണിയിലെ സി.പി.ഐ-സി.പി.എം കക്ഷികൾ നടത്തിയിട്ടുള്ള അവിഹിത ഇടപെടലുകളിലെ ബലിയാടാണ് ഇടുക്കി തഹസിൽദാരെന്ന് കോൺഗ്രസ് ആരോപിച്ചു. ജില്ലയിലെ പട്ടയവിതരണം ത്വരിതപ്പെടുത്തിയത് ഉമ്മൻചാണ്ടി സർക്കാരാണ്. ആ കാലഘട്ടത്തിൽ 50000 ത്തിലധികം പട്ടയം വിതരണം ചെയ്തു. അതിന്റെ തുടർപ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിലെ കർഷകർ നടത്തിയ നിരന്തരമായ സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ് മാറി മാറി വന്ന സർക്കാരുകൾ അനുകൂല നിലപാട് സ്വീകരിച്ചത്. ഈ രണ്ടു വില്ലേജുകൾ ഉൾപ്പെടെ ഇടുക്കി താലൂക്കിലെ പട്ടയ വിതരണത്തിന് കാര്യക്ഷമമായ ഇടപെടലും നേതൃത്വവും തഹസിൽദാർ ആയിരുന്ന വിൻസന്റ് ജോസഫ് നടത്തുകയും വഹിക്കുകയും ചെയ്തിരുന്നു. സർവ്വേ നടത്തിയപ്പോഴും നിരവധി ആക്ഷേപങ്ങൾ കോൺഗ്രസ് ഉന്നയിച്ചിരുന്നതാണ്.
ടൂറിസത്തിന്റെ മറവിൽ ജില്ലയുടെ പലഭാഗത്തും സ്വന്തക്കാർക്കും ബന്ധുക്കൾക്കും സർക്കാർഭൂമി തുച്ഛമായ തുകയുടെ പേരിൽ പാട്ടത്തിനു നൽകിയ നടപടി വിവാദമായപ്പോൾ അതിൽനിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടി നടത്തിയ നാടകം മാത്രമാണ് തഹസിൽദാരുടെ സസ്‌പെൻഷൻ. ജനങ്ങളോടൊപ്പം പ്രവർത്തിച്ച തഹസിൽദാരുടെ സസ്‌പെൻഷൻ ഉടനടി പിൻവലിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ആൻസി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.പി.ഉസ്മാൻ, എം.ഡി അർജ്ജുനൻ, പി.ഡി.ജോസഫ്, റോയി ജോസഫ്, സി.പി.സലിം, ജോയി വർഗീസ്, ശശികല രാജു, ടിന്റു സുഭാഷ്, ആലീസ് ജോസ്, ഏലിയാമ്മ ജോയി, സിബി തകരപ്പള്ളി, ജോഷി പയസ്, കെ ഗോപി, തങ്കച്ചൻ പനയമ്പാല, മാർട്ടിൻ വള്ളാടി, സാജു കണ്ടത്തിൽ, പയസ് ചക്കുളത്ത്, മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.