manju
മഞ്ജു മാത്യു തന്റെ ഗ്രീൻപോളി ഹൗസിൽ

കട്ടപ്പന : മതികെട്ടാൻചോലയിൽ നിന്നും പാമ്പാടുംപാറ പഞ്ചായത്തിലെ വലിയതോവാളയിലെത്തിയപ്പോൾ ഉള്ളാട്ട് വീട്ടിൽ മഞ്ജു മാത്യുവിന് വലിയ സ്വപ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.കുടുംബത്തോടൊപ്പം അല്ലലില്ലാതെ കഴിയണമെന്ന് മാത്രമായിരുന്നു ലക്ഷ്യം.വീടിന് ചുറ്റുമുള്ള പാറക്കൂട്ടം നിറഞ്ഞ മൂന്നരയേക്കർ സ്ഥലത്തെ റബ്ബർ മരങ്ങളിൽ നിന്നും ഏതാനും കുരുമുളക് ചെടികളിൽ നിന്നുമുള്ള തുച്ഛമായ വരുമാനമായിരുന്നു ജീവനോപാധി.പിന്നീട് എപ്പഴോ കുടുംബശ്രീയുടെ സംഘകൃഷിയിൽ നിന്ന് സായത്തമാക്കിയ അറിവുകളിൽ നിന്നും അടുക്കളത്തോട്ടം തയ്യാറാക്കി.തുടരെ മൂന്നരയേക്കർ സ്ഥലത്ത് പരീക്ഷണമെന്നോണം പയർകൃഷി ആരംഭിച്ചു. പരിചിതക്കുറവ് കൊണ്ടാകാംവേണ്ടത്ര വിജയം മഞ്ജുവിന്‌ നേടാനായില്ല.എന്നാൽതോറ്റ് പിൻമാറാൻ ഈ വീട്ടമ്മ തയ്യാറായില്ല. പാറക്കൂട്ടങ്ങൾ നിറഞ്ഞ ചരിഞ്ഞ പുരയിടം കൈയ്യാലകൾ കെട്ടി കൃഷിയോഗ്യമാക്കി.ഇന്ന് മഞ്ജു മാത്യുവിന്റെ പുരയിടത്തിൽ തല ഉയർത്തി നിൽക്കുന്ന നാന്നൂറോളം ഇനം റബ്ബർ മരങ്ങൾ ഉണ്ട്. ഇവയിലെല്ലാം കരിമുണ്ട ഇനത്തിലെ കുരുമുളകും തഴച്ചു വളരുന്നു. മറ്റൊരു ഭാഗത്ത് ഹൈറേഞ്ചിന്റെ നാണ്യവിളയായ ഏലവും വളക്കൂറോടെ വളരുന്നുണ്ട്.പുരയിടത്തിന്റെ താഴെ തട്ടിലാണ് പയറും, പാവലും, പടവലവും തക്കാളിയുമെല്ലാം വളരുന്നത്. ഇതിനുള്ളിൽ ചെറുപോളി ഹൗസ് നിർമ്മിച്ച് മുയലിനെയും ,കോഴികളെയും മഞ്ജു വളർത്തുന്നുണ്ട്.ശാന്തൻപാറ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെയും കൃഷി ഭവന്റെയും സഹായത്തോടെയാണ്‌പോളി ഹൗസ് നിർമ്മിച്ച് ഹൈബ്രിഡ് പച്ചക്കറി തൈ ഉത്പാദനത്തിലേയ്ക്ക് തിരിഞ്ഞത്. ഇന്ന് ലക്ഷങ്ങൾ വരുമാനം ലഭിക്കുന്ന വലിയ ബിസിനസ്സാക്കി ഈ ഉദ്പാദനത്തെ മാറ്റിയെടുക്കാൻ ഇവർക്കായി.സ്വകാര്യ ഏജൻസികളും കൃഷി ഭവനുകളുമാണ് ഇവിടെ നിന്നും കൂടുതൽ തൈകൾ വാങ്ങുന്നത്.വിവിധയിനം പയറുകൾ,മുളകുകൾ,കോളിഫ്‌ളവർ, ബ്രോക്കോളി, പുതിന, ചീര, വെണ്ട, വഴുതന, ക്യാപ്‌സിക്കം തുടങ്ങിയ തൈകളാണ് കൂടുതലായി വിപണനം നടത്തുന്നത്. ഇവയെല്ലാം പുരയിടത്തിൽ വിളഞ്ഞ് നിൽക്കുന്നത് കാണാനും, വാങ്ങാനുമായും ദിവസേന ആളുകൾ എത്തുന്നുണ്ട്. മഞ്ജുവിനൊപ്പം ഭർത്താവ് മാത്യുവും മുഴുവൻ സമയ കൃഷി പരിപാലത്തിന് ഒപ്പമുണ്ട്. സാമ്പത്തികമായ ഉയർച്ചനേടിയപ്പോഴും മണ്ണിനെയും ,പുതിയ കൃഷി രീതികൾ പഠിക്കാനും, പഠിപ്പിക്കാനുമുള്ള തിരക്കിൽ തന്നെയാണ് മഞ്ജു.