മൂന്നാർ: ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കോളനികൾ ഉൾപ്പെടുന്ന വാർഡുകളിൽ ജൈവമാലിന്യ ശേഖരണവും സംസ്‌ക്കരണവും കാര്യക്ഷമമാക്കുന്ന പ്രവർത്തനങ്ങൾക്ക് മൂന്നാർ ഗ്രാമപഞ്ചായത്ത് ആരംഭം കുറിച്ചു. അഡ്വ. എ രാജ എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഹരിതകേരളം മിഷൻ ,കുടുംബശ്രീ, യുഎൻഡിപി, റീ സിറ്റി തുടങ്ങിയവയുടെ സഹകരണവും പദ്ധതി നടത്തിപ്പിനായി പഞ്ചായത്തിനുണ്ട്. ഇതിന്റെ ഭാഗമായി ഈ വാർഡുകളിൽ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ജൈവമാലിന്യത്തിനൊപ്പം അജൈവ മാലിന്യ സംസ്‌ക്കരണം കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് ഹരിതകർമ്മ സേനയുടെ പ്രവർത്തനത്തിന് പഞ്ചായത്ത് തുടക്കം കുറിച്ചിട്ടുള്ളത്. നൂറ് വീടുകൾക്ക് ഒരു ഹരിത കർമ്മസേനയെന്ന നിലയിലാകും പ്രവർത്തനം നടക്കുക. ദിവസവും രാവിലെ 7 മുതൽ 9 വരെയുള്ള സമയത്ത് കോളനികളിൽ സ്ഥാപിക്കുന്ന വെയിസ്റ്റ് ബിന്നുകളിൽ ജൈവ മാലിന്യം ആളുകൾക്ക് നിക്ഷേപിക്കാം. ഹരിത കർമ്മസേനാംഗങ്ങൾ ഇത് നീക്കം ചെയ്യും. മാസത്തിൽ രണ്ട് തവണ വീടുകളിൽ നിന്ന് അജൈവ മാലിന്യം ഹരിതകർമ്മ സേന ശേഖരിക്കും.
റീ സിറ്റി പങ്കാളിത്തം വഹിക്കുന്ന നെസ്ലെയുടെ ഹിൽഡാരി പദ്ധതി പ്രകാരം വീടുകളിൽ സ്ഥാപിച്ച ക്യൂ ആർ കോഡിന്റെ ഉദ്ഘാടനം ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ നിർവ്വഹിച്ചു. ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള യൂണിഫോമും തിരിച്ചറിയൽ കാർഡും ചടങ്ങിൽ വിതരണം ചെയ്തു. മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ അദ്ധ്യഷത വഹിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഭവ്യകണ്ണൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. എൻ .സഹജൻ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.