തൊടുപുഴ: സുഗന്ധവ്യഞ്ജനങ്ങൾക്ക് താങ്ങുവില നിശ്ചയിക്കാനും ഏലത്തിന് മാത്രമായി ഒരു കമ്മോഡിറ്റി ബോർഡ് രൂപീകരിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പുതിയ സ്‌പൈസസ് ബില്ലിനു മന്നോടിയായി കേരളാ ഐടി ആന്റ് പ്രൊഫഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏലയ്ക്കക്ക് ഉത്പാദന ചെലവ് കിലോയ്ക്ക് 1200 രൂപയിൽ അധികം വരമ്പോൾ വിപണി വില ഇപ്പോൾ 800 രൂപ മാത്രമാണ്. 52 സുഗന്ധ വ്യഞ്ജനങ്ങളിൽ ഒന്നായി മാത്രം ഏലം ഒതുങ്ങി. കാർഡമം ഹിൽ റിസർവടക്കമുള്ള പ്രദേശങ്ങളുടെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിലും പരിസ്ഥിതി സംരക്ഷണത്തിലും ഏലം കൃഷിയുടെ പങ്ക് വലുതാണ്. 35000 ത്തിലധികം കർഷകരുടെയും ഒരു ലക്ഷത്തിലധികം തൊഴിലാളികളുടെയും പ്രധാന ഉപജീവനമാർഗമാണിത്. കയറ്റുമതി മേഖലയിൽ ഏലയ്ക്കയുടെ പ്രത്യേക പദവി അർഹമായ പ്രാധാന്യത്തോടെയും മുൻഗണനയോടെയും പരിഗണിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. വെബിനാറിൽ മോൻസ് ജോസഫ് എം.എൽ.എ, മുൻ എം.പിമാരായ പി.സി. തോമസ്, ജോയി എബ്രഹാം, കെ. ഫ്രാൻസിസ് ജോർജ്, സ്‌പൈസസ് ബോർഡ് വൈസ് ചെയർമാൻ സ്റ്റെനി പോത്തൻ, മുൻ എം.എൽ.എമാരായ ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, ഫാ. ജോൺ ചൂരപ്പുഴയിൽ, ഐടി ആന്റ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ് എന്നിവർ സംസാരിച്ചു. വെബിനാറിലെ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന് ഉടൻ സമർപ്പിക്കും.