ആശങ്കയൊഴിയാതെ മാതാപിതാക്കൾ.

കട്ടപ്പന: യുക്രൈനിൽ റഷ്യൻ പട്ടാളത്തിന്റെ ആക്രമണം തുടരുമ്പോൾ അതിർത്തി കടക്കാൻ കൊടും തണുപ്പിൽ കാത്ത് കിടക്കുകയാണ് ഹൈറേഞ്ചിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ. മാട്ടുക്കട്ട തോട്ടു പറമ്പിൽ അഷ്രഫ് ആയിഷ ദമ്പതികളുടെ മകൻ ആഷിക് 5 ദിവസമായി യുക്രൈൻ പോളണ്ട് അതിർത്തി പ്രദേശമായ ഷെഹീനമെഡിക്കയിൽ കുടുങ്ങിയിരിക്കുകയാണ്.നാല് ദിവസം മുൻപാണ് യുക്രൈയിനിലെ ലിവീവ് മെഡിക്കൽ അക്കാദമിയിൽ നഴ്‌സിംഗ് വിദ്യാർത്ഥിയായ ആഷിക് സഹപാഠികളുമൊത്ത് 80 കിലോമീറ്റർ യാത്ര ചെയ്ത് അതിർത്തി പ്രദേശത്ത് എത്തിയത്. ഇടയ്ക്ക് വാഹന സൗകര്യം ലഭിച്ചുവെങ്കിലും 15 കിലോമീറ്റർ നടക്കേണ്ടി വന്നു. അതിർത്തിയിലെത്തിയെങ്കിലും, കടത്തി വിടാനോ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറുന്നതിനോ സഹായം ഇവർക്ക് ലഭിച്ചിട്ടില്ല. അതേ സമയം ഇന്ത്യക്കാരല്ലാത്തവരെ പോളണ്ട് അതിർത്തിയിലേയ്ക്ക് പ്രവേശിപ്പിക്കുന്നുണ്ട്. ഇന്ത്യക്കാർക്ക് നേരെ സൈന്യത്തിന്റെ മോശമായ പെരുമാറ്റം ഉണ്ടായെന്നും ആഷിക് വ്യക്തമാക്കി. അതിർത്തിയിൽ വച്ച് ആഷിക് ഉൾപ്പടെയുള്ള നാല് പേരുടെ മൊബൈൽ ഫോൺ അടങ്ങുന്ന ബാഗ് മോഷണം പോയി.ഇപ്പോൾ
വീട്ടുകാരുമായി ബന്ധപ്പെടുന്നത് സുഹൃത്തിന്റെ ഫോൺ വഴിയാണ്. കഴിഞ്ഞ ദിവസം നടന്ന സമാധാന ചർച്ച പരാജയപ്പെട്ടതോടെ മാതാപിതാക്കൾ കൂടുതൽ ആശങ്കയിലാണ്. മകൻ തിരിച്ചെത്താൻ ഇടവേളയില്ലാത്ത പ്രാർത്ഥനയിലാണ് ആഷികിന്റെ മാതാവ് ആയിഷ. കട്ടപ്പന പന്നയ്ക്കൽ വീട്ടിൽ ബോബി-സലീല ദമ്പതികളുടെ ഏകമകൻ അഭിൻ കാർകീവിലാണ് തിരിച്ചെത്താൻ കഴിയാതെ കുടുങ്ങിയിരിക്കുന്നത്.അഞ്ചാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ അഭിൻ ഉള്ള നഗരത്തിലാണ് ഷെല്ലാക്രമണത്തിൽ ഇന്നലെ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടത്.ഇത് മറ്റുള്ള വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ഭയപ്പെടുത്തുന്നുണ്ട്. എത്രയും വേഗത്തിൽ അതിർത്തി കടക്കാനായി എംബസി സഹായിക്കണമെന്നാണ് മാതാപിതാക്കൾ ആവശ്യപ്പെടുന്നത്.കാർകീവ് മെട്രോയ്ക്ക് താഴെയാണ് അഭിനും കൂട്ടരും അഭയം പ്രാപിച്ചിരിക്കുന്നത്.കൈയ്യിൽ കരുതിയ ഭക്ഷണം തീർന്നതായും അഭിൻ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.