പീരുമേട്: സംസ്ഥാനത്ത് 28 പോക്‌സോ കോടതി അനുവദിച്ചിട്ടുള്ളതിൽ ഒരെണ്ണം പീരുമേട്ടിൽ സ്ഥാപിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് അനു ശിവരാമൻ .പീരുമേട്ടിൽ പോക്‌സോ കോടതിക്കായി സാധ്യമായ ഭാഗമായി ബാർ അസോസിയേഷൻ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവെയാണ് ജസ്റ്റിസ് ഈ കാര്യം പറഞ്ഞത്. പോക്‌സോ കോടതി പീരുമേട്ടിൽ അനുവദിക്കണമെന്നാവശ്യപ്പെട്ട് പീരുമേട് ബാർ
അസോസിയേഷൻ നിവേദനം നൽകി. ജില്ലാ സെഷൻസ് ജഡ്ജ് പി.എസ്.ശശികുമാറും ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കെ.പി ജോയിയും ഒപ്പമുണ്ടായിരുന്നു. പീരുമേട് കോടതിയുടെ പ്രത്യേക തപാൽ കവറും സ്റ്റാമ്പും അടങ്ങുന്ന ബുക്കും ഏലക്ക പെട്ടിയും പ്രത്യേക ഉപഹാരമായി മൂവർക്കും ബാർ അസോസിയേഷൻ നൽകി. പീരുമേട് ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ആർ കൃഷ്ണ പ്രഭൻ, ജുഡിഷ്യൽ മജിസ്‌ട്രേറ്റ് എസ്. സുരജ് , ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഷൈൻ വർഗീസ്, സെക്രട്ടറി അഡ്വ.സ്റ്റീഫൻ ഐസക്ക്, കോടതി ജീവനക്കാർ, അഡ്വക്കേറ്റ് ക്ലർക്ക്‌സ് അസോസിയേഷൻ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.