നെടുങ്കണ്ടം: കോമ്പയാർ ഏലയ്ക്ക സ്റ്റോറിൽ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ ഉള്ള അഞ്ചംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു. തിങ്കളാഴ്ച പുലർച്ചെ 3.30 ന് കോമ്പയാർ റേഷൻ കടയ്ക്ക് എതിർവശത്തുള്ള മുഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഗ്രീൻഗോൾഡ് കാർഡമം ഡ്രയറിലാണ് സ്‌ഫോടനം നടന്നത്. പ്രാഥമിക അന്വേഷണത്തിൽ സ്‌ഫോടന വസ്തുക്കൾ യാതൊന്നും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. എന്നാൽ ടിന്നർ, മണ്ണെണ്ണ എന്നിവ ഉപയോഗിച്ചിരുന്നതായി കണ്ടെത്താൻ കഴിഞ്ഞിരുന്നു. ഡ്രയർ സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിന്റെ വെന്റിലേഷനിലൂടെ അകത്തേക്ക് നിക്ഷേപിച്ച മണ്ണെണ്ണയും ടിന്നറും തീപിടത്തിന് കാരണമായി. ഇതിനെ തുടർന്ന് മുറിയിൽ തങ്ങി നിന്ന വാതകത്തിന്റെ സമ്മർദത്തെ തുടർന്ന് പൊട്ടിത്തെറി നടന്നതെന്നാണ് നിഗമനം. സമീപത്തെ സിസിടിവി ദ്യശ്യങ്ങൾ, സ്ഫോടത്തിന് ശേഷം ഓടിയെത്തിയ ആളുകൾ, സമീപവാസികൾ, സ്ഥാപന ഉടമ, തൊഴിലാളികൾ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനം ഉണ്ടായ മുറിയൂടെ തൊട്ടടുത്ത മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന മദ്ധ്യപ്രദേശ് മാണ്ഡ്‌ല സ്വദേശിയായ രോഹിത് കുമാർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടിരുന്നു. കെട്ടിടത്തിന്റെ നാല് ജനലുകളും ഉള്ളിലെ രണ്ട് കതകുകളും പുറത്തെ ഷട്ടറും പൂർണമായി തകർന്ന നിലയിലാണ്. ഷട്ടറിന് സമീപം പുറത്ത് നിർത്തിയിട്ടിരുന്ന ഉടമയുടെ കാറിന്റെ ചില്ല് ഷട്ടർ വീണ് തകർന്നു. കാർഡമം പോളീഷിംഗ് മെഷീനിന്റെ ഒരുവശത്തിന് കേടുപാടുകൾ സംഭവിച്ചു. സ്‌ഫോടനത്തിൽ ജനലുകൾ തെറിച്ച് കോമ്പയാർ ആറ്റിൽ പതിച്ചു.. ഉഗ്രസ്‌ഫോടനം കേട്ട് ഉണർന്ന രോഹിത് കുമാർ തൊട്ടടുത്ത് താമസിക്കുന്ന ഉടമയെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയം സമീപവാസികൾ സ്ഥലത്തെത്തുകയും വെള്ളമൊഴിച്ച് തീ കെടുത്തുകയും ചെയ്തു. നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചിരുന്നതെങ്കിൽ സ്‌ഫോടനം നടക്കുമ്പോൾ ആ ഭാഗം കുഴിഞ്ഞ് താഴുകയും, ഭിത്തികൾ തകർന്ന് വിഴുകയോ വിണ്ടു കീറുകയോ ചെയ്യും. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടായിട്ടില്ലാത്തതിനാൽ മറ്റേതെങ്കിലും വിധത്തിലുള്ള കെമിക്കൽ റിയാക്ഷനാകാം സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് വിദഗ്ദ്ധമായി പരിശോധന നടത്തുന്നതിനായാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടം സിഐ ബി.എസ് ബിനു ഉൾപ്പടെയുള്ളവർ അടങ്ങുന്ന അന്വേഷണസംഘത്തെയാണ് നിയോഗിച്ചിരുന്നത്.