ഇടുക്കി: കഞ്ഞിക്കുഴി വില്ലേജിന്റെ പരിധിയിൽ താമസിക്കുന്ന ആദിവാസികൾക്ക് പട്ടയം നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന് കാട്ടി ഇടുക്കി തഹസിൽദാർ വിൻസെന്റ് ജോസഫിനെ സസ്‌പെൻഡ് ചെയ്ത നടപടിയെ ചൊല്ലി ഇടതുപക്ഷത്തിനുളളിൽ അഭിപ്രായഭിന്നത. വിഷയത്തിൽഹൈറേഞ്ച് സംരക്ഷണ സമിതിയും സി.പി.എമ്മിന്റെ പോഷകസംഘനയായ കേരള കർഷകസംഘംവും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. നടപടി ജില്ലയിലെ പട്ടയനടപടികളെ ദുർബലപ്പെടുത്തുമെന്നാണ് കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യനും സെക്രട്ടറി എൻ.വി. ബേബിയും പറഞ്ഞത്. അഴിമതിക്കാരായ സ്ഥാപിതതാത്പര്യക്കാരെ തൃപ്തിപ്പെടുത്താനാണിത്. ഇത് സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തും. പട്ടയവിതരണത്തിൽ ബാഹ്യശക്തികൾ ഇടപെടുന്നുണ്ടെന്നും പണപ്പിരിവ് നടത്തുന്നുണ്ടെന്നും കർഷകസംഘം നേരത്തെതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഇവർ കെട്ടിച്ചമച്ച വ്യാജപരാതിയിന്മേലാണ് ഇപ്പോൾ തഹസീൽദാരെ സസ്‌പെൻഡ് ചെയ്തത്. ജനപിന്തുണയുള്ള ഉദ്യോഗസ്ഥനെ ലക്ഷ്യം വച്ച് ചിലർ നടത്തിയ നീക്കങ്ങൾക്ക് റവന്യൂ വകുപ്പ് ഒത്താശ ചെയ്തത് ശരിയായില്ലെന്നും കർഷകസംഘം നേതാക്കൾ പറഞ്ഞു. സസ്പെൻഷൻ നടപടി കഞ്ഞിക്കുഴിയിലെ പട്ടയ വിതരണം അട്ടിമറിക്കുന്ന നീക്കത്തിന്റെ ഭാഗമാണെന്നാണും ജനദ്രോഹപരമായ നടപടി പിൻവലിക്കണമെന്നുമാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ആവശ്യം. ഇടുക്കിയിലെ കർഷകരോടുള്ള വെല്ലുവിളിയാണിതെന്ന് ഇടുക്കി രൂപതയുടെ ജാഗ്രത കമ്മിറ്റിയും പറഞ്ഞു. നടപടിക്കെതിരെ റവന്യൂ ഉദ്യോഗസ്ഥരുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം സി.പി.ഐ കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി സസ്പെൻഷനെ സ്വാഗതം ചെയ്തു. 47 വർഷമായി ആദിവാസി വിഭാഗം പട്ടയത്തിനായി നടത്തിവന്ന പോരാട്ടങ്ങൾ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ തുരങ്കം വെയ്ക്കുകയാണ് തഹസീൽദാർ ചെയ്തതെന്ന് ഇവർ പറയുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ പട്ടയനടപടികളിൽ വൻ ക്രമകേടാണ് നടന്നത്. അനധികൃതമായി റിസോർട്ട് നിർമിക്കാൻ വാങ്ങി കൂട്ടിയ സ്ഥലങ്ങൾക്കും തന്റെ ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും നിയമം കാറ്റിൽ പറത്തി ഇദ്ദേഹം പട്ടയം അനുവദിച്ചു. ഇദ്ദേഹത്തെ ചില രാഷ്ട്രീയ കക്ഷികൾ വ്യാജ പ്രചരണം നടത്തി സംരക്ഷിക്കാൻ ശ്രമിക്കുന്നതു അപഹാസ്യമാണെന്നും ലോക്കൽ കമ്മിറ്റി ആരോപിച്ചു.

തിങ്കളാഴ്ചയാണ് തഹസിൽദാർ വിൻസെന്റ് ജോസഫിനെ തൽസ്ഥാനത്ത് നിന്ന് സസ്‌പെൻഡ് ചെയ്തുകൊണ്ട് റവന്യൂ വകുപ്പിന്റെ ഉത്തരവ് വരുന്നത്. 2020 സെപ്തംബറിലാണ് ഇടുക്കി കഞ്ഞിക്കുഴി വില്ലേജുകളിൽ പട്ടയം നൽകാൻ റവന്യൂവകുപ്പ് ഉത്തരവിട്ടത്.

ആശയക്കുഴപ്പം സൃഷ്ടിച്ച് രണ്ട് ഉത്തരവ്

ഇടുക്കി തഹസിൽദാരെ സസ്‌പെൻഡ് ചെയ്തുകൊണ്ട് റവന്യൂ വകുപ്പ് ഒരു ദിവസം ഇറക്കിയത് രണ്ട് ഉത്തരവ്. രണ്ടിലും ഒപ്പുവച്ചിരിക്കുന്നതും ഒരേ ഉദ്യോഗസ്ഥർ. 28ന് ആദ്യം ഇറക്കിയ ഉത്തരവ് 916/2022/ആർഡി ആണ്. ഇതിൽ ആദിവാസി മേഖലയിലെ കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് വീഴ്ച വരുത്തിയെന്നാണ് പറയുന്നത്. ഈ ഉത്തരവിൽ ഒരു വ്യക്തിക്ക് ഒന്നിലധികം പട്ടയം നൽകി, ഇഷ്ടക്കാർക്ക് മാത്രം പട്ടയം നൽകുന്നു എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണുള്ളത്. ഇത്തരത്തിൽ അക്കമിട്ട് 19 വീഴ്ചകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രണ്ടാമതിറങ്ങിയ 919/ 2022/ആർഡി എന്ന ഉത്തരവിൽ ഇതിലെ പലകാര്യങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ആദിവാസികൾക്ക് പട്ടയം നൽകുന്ന കാര്യത്തിൽ നിരവധി വീഴ്ച പറ്റിയതായി ഇതിൽ തഹസിൽദാർ ഉത്തരവാദിയാണെന്നുമാണും ഈ ഉത്തരവിലും പറയുന്നുണ്ട്. ആദ്യ ഉത്തരവ് റദ്ദ് ചെയ്യാതെയാണ് രണ്ടാമത്തേത് ഇറക്കിയിരിക്കുന്നത്.