thannettampara

തൊടുപുഴ: കോടികൾ ഒഴുക്കി മലവെള്ളപാച്ചിൽ പോലെ കുടിവെള്ള പദ്ധതികൾ ജില്ലയിലുണ്ടെങ്കിലും വേനൽക്കാലമായാൽ ദാഹജലത്തിനായി അലയേണ്ട സ്ഥിതിയാണ് ജില്ലയിൽ. കോടികൾ ചെലവഴിച്ചിട്ടും ഒരു തുള്ളി വെള്ളം പോലും നാട്ടുകാർക്ക് നൽകാത്ത പദ്ധതികൾ ജില്ലയിൽ നിരവധിയാണ്. അടിമാലി ഗ്രാമപഞ്ചായത്തിലെ വാളറ പത്താം മൈലിൽ 20 സെന്റ് കോളനിയിൽ വിവിധ ഘട്ടങ്ങളിലായി അഞ്ച് കുടിവെള്ള പദ്ധതികളാണ് ആരംഭിച്ചത്. 2004- 05 സാമ്പത്തിക വർഷം 25 ലക്ഷം മുടക്കി പണി പൂർത്തിയാക്കിയ ജലധാര പദ്ധതിയായിരുന്നു പ്രധാനം. 20 സെന്റ് കോളനിയുടെ മലമുകൾ ഭാഗമായ മുനിയറച്ചാലിൽ ടാങ്ക് നിർമിച്ച് മുനിയറച്ചാലിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പൈപ്പ് വഴി വീടുകളിലെത്തിക്കുന്നതായിരുന്നു പദ്ധതി. തുടക്കത്തിൽ രണ്ട് മാസത്തോളം വെള്ളമെത്തിയെങ്കിലും ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ നിർമാണത്തിന് ഉപയോഗിച്ചതിനാൽ പദ്ധതി അധികകാലം പ്രയോജനപ്പെട്ടില്ല. തുടർന്നും ഇതേ മാതൃകയിൽ കുടിവെള്ള പദ്ധതികൾ നടപ്പാക്കി. ഇതിന്റെയെല്ലാം ശേഷിപ്പുകളായി മുനിയറച്ചാൽ മലയിൽ നാല് ടാങ്കുകൾ ഉണ്ടെന്നതൊഴിച്ചാൽ കുടിവെള്ളം മാത്രം കിട്ടാനില്ല. ഏറ്റവും ഒടുവിൽ വന്ന ജലനിധി പദ്ധതിയിലായിരുന്നു പിന്നീട് പ്രതീക്ഷയത്രയും. നിർധന കുടുംബങ്ങൾ 4000 രൂപ വീതം പദ്ധതി വിഹിതമടച്ച് കുടിവെള്ളത്തിന് കാത്തിരിക്കാൻ തുടങ്ങിയിട്ട് 10 വർഷമായി. ഒരു കോടിയിലേറെ ചെലവിട്ടെങ്കിലും പദ്ധതി ഇനിയും പൂർത്തിയായിട്ടില്ല.

വണ്ടന്മേട് പഞ്ചായത്തിൽ ലോകബാങ്ക് സഹായത്തോടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിയ അഞ്ചരക്കോടിയുടെ കുടിവെള്ള പദ്ധതി കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദാഹരണമാണ്. നിർമാണം പൂർത്തിയാക്കി 20 വർഷമായിട്ടും ഒരു തുള്ളി വെള്ളം പോലും പദ്ധതിയിൽ നിന്ന് ആർക്കും കിട്ടിയില്ല. ലഭിച്ച 5.29 കോടി രൂപ ഉപയോഗിച്ച് ടാങ്കുകളും ആമയാറിന് സമീപം പമ്പ് ഹൗസും ശുദ്ധീകരണ പ്ലാന്റും പണിതു. പ്രതിദിനം 20 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാവുന്ന പ്ലാന്റാണ് നിർമ്മിച്ചത്. എന്നാൽ ജലവിതരണത്തിന് ഉറവിടം കണ്ടെത്താതെ നിർമാണം നടത്തിയതാണ് പദ്ധതി പാളാൻ കാരണം.

വാട്ടർ അതോറിട്ടിയുടെ ഹെലിബേറിയ കുടിവെള്ള പദ്ധതിയിൽ നിന്ന് വിതരണം ചെയ്യുന്നുണ്ടെങ്കിലും കുട്ടിക്കാനം ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും വെള്ളം ലഭ്യമല്ല. ഇവിടെ കുടിവെള്ള വിതരണത്തിന് 2000 മുതൽ ത്രിതല പഞ്ചായത്തുകൾ ലക്ഷങ്ങളാണ് ചെലവഴിച്ചത്. പൈപ്പ് ലൈൻ, ടാങ്ക്, കുളം എന്നിവ നിർമിച്ചെങ്കിലും ജലവിതരണം നാമമാത്ര ദിവസങ്ങളിലാണ് നടന്നത്. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ വിവിധ വർഷങ്ങളിൽ പൈപ്പ് ലൈൻ നിർമിക്കാൻ ലക്ഷങ്ങളാണ് ചെലവഴിച്ചത്. എന്നാൽ, ഗുണനിലവാരമില്ലാത്ത ജി.ഐ.പൈപ്പുകൾ ഉപയോഗിച്ചതിനാൽ ആദ്യ പമ്പിംഗിൽ തന്നെ പലതും പൊട്ടി. ശേഷിച്ചവ ക്രമേണ തുരുമ്പെടുത്ത് നശിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ മാക്കുപാറയിലെ ഇരുപതോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ പത്ത് വർഷത്തിനിടെ 15 ലക്ഷത്തോളം രൂപ ചെലവിട്ടെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല.

കരിങ്കുന്നം തണ്ണീറ്റംപാറയിൽ 35 വർഷത്തിലേറെ പഴക്കമുള്ള കുടിവെള്ള പൈപ്പുകൾ ദ്രവിച്ച് പൊട്ടുന്നത് പതിവായതിനാൽ ഇവിടത്തുകാർക്ക് കുടിവെള്ളം കിട്ടാക്കനിയാണ്.

21 വർഷം, 795 കോടി സ്വാഹ

ഇടുക്കി ജലാശയത്തിലെ ജലം ശുദ്ധീകരിച്ച് മൂന്ന് താലൂക്കുകളിലെ മൂന്നര ലക്ഷത്തോളം ആളുകൾക്ക് കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള 795 കോടിയുടെ ആലടി- കുരിശുമല- അഞ്ചുരുളി കുടിവെള്ള പദ്ധതി 21 വർഷമായിട്ടും പൂർത്തിയായില്ല. 2018 ജനുവരിയിലെ കണക്ക് പ്രകാരം 795 കോടിയാണ് ചെലവ് പ്രതീക്ഷിച്ചത്. എന്നാൽ പദ്ധതി പൂർത്തിയാകുമ്പോൾ 1000 കോടിയിലെത്തുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നു. ഇടുക്കി സംഭരണിയുടെ ഭാഗമായ അഞ്ചുരുളിയിൽ നിന്ന് ശുദ്ധീകരിക്കുന്ന വെള്ളം 1250 കിലോമീറ്റർ ദൂരം പൈപ്പിട്ട് 3,72,000 വീടുകളിൽ വെള്ളം എത്തിക്കുന്നതായിരുന്നു പദ്ധതി. വാട്ടർ അതോറിട്ടി സർവേ നടപടികൾ ആറു മാസം കൊണ്ട് പൂർത്തീകരിച്ചെങ്കിലും തുടർ നടപടികൾ ഇഴയുകയാണ്.