കട്ടപ്പന : കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ പേഴുംങ്കണ്ടം നിവാസികളുടെ ഭീതി അകന്നു.കൃഷിയിടത്തിൽ നിലയുറപ്പിച്ചിരുന്ന കാട്ടാനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾവനത്തിലേയ്ക്ക് കയറ്റി വിട്ടു. മൂന്ന് കാട്ടാനകൾ ഒരാഴ്ച്ച മുൻപാണ് ജലാശയം കടന്ന് അഞ്ചുരുളി മുനമ്പിലെത്തിയത്.ഇതിൽ ഒരു പിടിയാനയാണ് ജനവാസ മേഖലയിൽ പ്രവേശിച്ചത്.ഒട്ടേറെ ആളുകളുടെ കൃഷിയിടത്തിലെത്തിയ ആന തെങ്ങും , വാഴയും ഉൾപ്പടെ നശിപ്പിച്ചിരുന്നു.പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ ഉൾവനത്തിലേയ്ക്ക് തിരിച്ചയയ്ക്കാൻ കഴിഞ്ഞിരുന്നില്ല.തുടർന്ന് കാഞ്ചിയാർ ഓഫീസിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് തമ്പടിച്ചാണ് ആനക്കൂട്ടത്തെ കഴിഞ്ഞ ദിവസം ഉൾവനത്തിലേയ്ക്ക് കയറ്റിവിട്ടത്.മുനമ്പിന് അടുത്തായി ആനകളുടെ സാന്നിധ്യം വേനൽ കാലത്ത് മുൻപും ഉണ്ടാകാറുണ്ടെങ്കിലും വർഷങ്ങൾക്ക് ശേഷമാണ് ഇവ ജനവാസ മേഖലയിലെത്തുന്നതെന്ന് നാട്ടുകാർ
പറയുന്നു.കഴിഞ്ഞ ദിവസം ജലാശയത്തിൽ മീൻ പിടിക്കാൻ പോയ ആൾ ആനയുടെ
മുൻപിൽ അകപ്പെട്ടിരുന്നു.തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആനയുണ്ടെന്ന് അറിഞ്ഞതോടെ സമീപ സ്ഥലങ്ങളിൽ നിന്നും മുനമ്പിലേയ്ക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞിരുന്നു.വേനൽ കടുത്തതിനാൽ ഇനിയും ആനകൾ ജലാശയം നീന്തിക്കടന്ന് മുനമ്പിനരികെ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.