
മൂലമറ്റം: റോഡും വാഹന സൗകര്യവും ഇല്ലാത്തതിനെ തുടർന്ന് ആദിവാസി യുവതി മാസം തികയാതെ വീട്ടിൽ പ്രസവിച്ചു. അറക്കുളം പതിപ്പിള്ളിയിൽ തെക്കുംഭാഗം മൂത്തശ്ശേരി വീട്ടിൽ അനിത (30) യാണ് വീട്ടിൽ പ്രസവിച്ചത്. വഴിയും വാഹന സൗകര്യവും ഇല്ലാത്തതിനെ തുടർന്ന് യുവതിയെ എടാട്ട് അമ്പലം ഭാഗം വരെ നാട്ടുകാർ ചുമന്ന് കൊണ്ടു പോകുകയായിരുന്നു. ഇവിടെ നിന്ന് യുവതിയെ ആംബുലൻസിൽ മൂലമറ്റത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെയുള്ള ഡോക്ടർമാരാണ് പൊക്കിൾ കൊടി മുറിച്ചു മാറ്റിയത്. ഇവിടെ നിന്ന് പിന്നീട് അമ്മയെയും കുഞ്ഞിനേയും തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ മേഖലയിൽ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങക്കും നിർമ്മാണത്തിനും വനം വകുപ്പ് അധികൃതർ മനപ്പൂർവ്വം തടസം നിൽക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. വലിയ കണ്ടം-തെക്കുംഭാഗം റോഡിൻ്റെ നിർമ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ വനം വകുപ്പ് അധികൃതരുടെ ഇടപെടലിൽ തുടർ പ്രവർത്തികൾ സ്തംഭിച്ചു. റോഡും വാഹന സൗകര്യവും ഇല്ലാത്തതിനാൽ ഈ മേഖലയിലെ നൂറു കണക്കിന് കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. പ്രശനം പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണം എന്നാണ് ജനത്തിന്റെ ആവശ്യം.