vechoorjoseph
പരിക്കേറ്റ ജോസഫ്

കരിമണ്ണൂർ: മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴിൽ സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരെ കമന്റിട്ട കോൺഗ്രസ് പ്രവർത്തകനായ ഹോട്ടൽ തൊഴിലാളിയുടെ കൈയും കാലും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കമ്പിവടികൊണ്ട് തല്ലിയൊടിച്ചു. ഇടുക്കി ഉടുമ്പന്നൂർ സ്വദേശി ജോസഫ് വെച്ചൂരിനാണ് (51) ക്രൂരമർദ്ദനമേറ്റത്. സംഭവത്തിൽ ഡി.വൈ.എഫ്.ഐ കരിമണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് കൊടിവേലി പുളിയംപള്ളിൽ സോണി സോമി (26), ഉടുമ്പന്നൂർ മേഖലാ ട്രഷറർ പുത്തൻപുരയിൽ അനന്തു സന്തോഷ് (23) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. സി.പി.എം കരിമണ്ണൂർ ഏരിയാ സെക്രട്ടറി പി.പി. സുമേഷ്, അരുൺദാസ് എന്നിവർക്കെതിരെ കേസെടുത്തു. സുമേഷിന്റെ നേതൃത്വത്തിൽ ആക്രമണം നടത്തിയെന്നാണ് ജോസഫിന്റെ പരാതി.

കേരളാ കോൺഗ്രസ് (എം) കരിമണ്ണൂർ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ ജോസഫ് സുമേഷിനെയും പിതാവിനെയും അധിക്ഷേപിച്ച് കമന്റിട്ടതാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. കമന്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചവർ ജോസഫുമായി വാക്കു തർക്കമുണ്ടായി. ചൊവ്വാഴ്ച രാത്രി ഒമ്പതിന് ഉടുമ്പന്നൂർ ടൗണിലെത്തിയ സംഘം കോൺഗ്രസ് പ്രവർത്തകരെന്ന വ്യാജേന ജോസഫിനെ ഫോണിൽ വിളിച്ചു. അവിടെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ജോസഫിനോട് പുറത്തുവരാൻ ആവശ്യപ്പെട്ടു. തുടർന്ന് ജോസഫിനെ ആക്രമിക്കുകയായിരുന്നു. കമ്പിവടികൊണ്ട് ജോസഫിന്റെ ഇടതു കാൽമുട്ടിനു താഴെയും ഇടതു കൈമുട്ടിലും അടിച്ചു. നിലത്തുവീണെങ്കിലും ക്രൂരമർദ്ദനം തുടർന്നു. ജോസഫിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് തൊടുപുഴയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

 നിഷേധിച്ച് സി.പി.എം

ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അക്രമിക്കാൻ തുനിഞ്ഞത് പ്രതിരോധിച്ചപ്പോഴാണ് ജോസഫിന് പരിക്കേറ്റതെന്ന് സി.പി.എം കരിമണ്ണൂർ ഏരിയാ കമ്മിറ്റിയുടെ വിശദീകരണ കുറിപ്പിൽ പറയുന്നു. ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആക്രമണം നടത്തിയെന്ന ആരോപണം ശരിയല്ല. ഏരിയാ സെക്രട്ടറി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി. ഏരിയാ സെക്രട്ടറിയെയും മരിച്ചുപോയ പിതാവിനെയും വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് കാട്ടി സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് ജോസഫിനെതിരെ സി.പി.എം കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയിരുന്നു.