ചെറുതോണി: യുക്രെയിനിലെ യുദ്ധഭൂമിയിൽ നിന്ന് തിരിച്ചു വരുന്ന വിദ്യാർത്ഥിനികളുടെ അടുത്ത സംഘം നാളെ നാട്ടിലെത്തും. തടിയമ്പാട് മഞ്ഞപ്പാറ വേഴമ്പശേരിയിൽ തോമസുകുട്ടി- ആൻസി ദമ്പതികളുടെ മകൾ ജെസ്‌ന, തടിയമ്പാട് ഐ.സി.ഡി.എസ് ജീവനക്കാരൻ ഷാജി- എ.ഇ. ചിത്രലേഖ ദമ്പതികളുടെ മകൾ ശിവപ്രിയ എന്നിവരടക്കം 15 അംഗ സംഘമാണ് മടക്കയാത്രയിലുള്ളത്. യുക്രെയിനിൽ മലയാളികളായ ആറ് പേർ ഉൾപ്പെടെ പതിനഞ്ചോളം ഇന്ത്യൻ വിദ്യാർത്ഥിനികൾ ഇവർ താമസിക്കുന്ന ഫ്ളാറ്റിലുണ്ടായിരുന്നു. യുദ്ധം നടക്കുന്ന സ്ഥലത്ത് നിന്ന് നൂറു കിലോമീറ്ററകലെയായതിനാൽ പേടിക്കാനില്ലെന്ന് കുട്ടികൾ മാതാപിതാക്കളെ വീഡിയോ കോളിലൂടെ അറിയിച്ചിരുന്നതാണ്. ഇവരുടെ ഏക ആശ്വാസം
യുക്രെയിനിലെ സഫോറ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിനു വിദ്യാർത്ഥിനികൾ പഠിക്കുന്നുണ്ട്. കുട്ടികളെന്നും വീഡിയോ കോൾ ചെയ്യുന്നതാണ് മാതാപിതാക്കൾക്ക് ആശ്വാസം. ശിവപ്രിയ അഞ്ചാം വർഷ വിദ്യാർത്ഥിനിയും ജസ്ന രണ്ടാം വർഷ വിദ്യാർത്ഥിനിയുമാണ്. രാജ്യത്തിന്റെ അതിർത്തികളും പ്രധാന വിമാനത്താവളങ്ങളും അടക്കുകയും ചെയ്തതോടെ തീർത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു വിദ്യാർത്ഥിനികൾ കഴിഞ്ഞിരുന്നത്. എങ്ങും പട്ടാളക്കാർ നിലയുറപ്പിച്ചതിനാൽ പുറത്തിറങ്ങാൻ കഴിയില്ലായിരുന്നു. എന്നാൽ തങ്ങൾ സുരക്ഷിതരാണന്നും ആശങ്കപ്പെടേണ്ട കാര്യമില്ലന്നും ശിവപ്രിയ അറിയിച്ചതായി മാതാവ് ചിത്രലേഖ പറഞ്ഞു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ എല്ലാവരും മുറിയിൽത്തന്നെയാണ് കഴിഞ്ഞിരുന്നത്. യുക്രെയിനിന്റെ എല്ലാ അതിർത്തികളും അടച്ചതോടെ ഇന്ത്യക്കാരുൾപ്പെടെ നിരവധി വിദേശികളാണ് കുടുങ്ങിക്കിടക്കുന്നത്. അതേ സമയം പോളണ്ട്, ജോർദ്ദാൻ, റുമേനിയ തുടങ്ങിയ അതിർത്തി രാജ്യങ്ങളിലേക്ക് എത്താൻ കഴിഞ്ഞാൽ നാട്ടിലെത്താൻ കഴിയുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. റുമേനിയയിൽ എത്തണമെങ്കിൽ 500 കിലോമീറ്റർ യാത്ര ചെയ്യണം. വാഹനങ്ങൾ കടത്തിവിടുന്നില്ല. അതിർത്തിയിൽ യുക്രെയിൻ സൈന്യവും മറുഭാഗത്ത് റഷ്യയുടെ കവചിത വാഹനങ്ങളുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതുമൂലം നാട്ടിലേക്കുള്ള യാത്ര നീളാനാണ് സാധ്യത. തലയ്ക്ക് മുകളിൽ യുദ്ധവിമാനങ്ങൾ ചീറിപ്പായുന്ന ഓർമ്മയിലും സുരക്ഷിതമായി മടങ്ങാൻ കഴിഞ്ഞ സന്തോഷത്തിലാണ് വിദ്യാർത്ഥിനികൾ.