കട്ടപ്പന : അംഗനവാടിയിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി.കുട്ടികൾ എത്താതിരുന്നതിനാലും സിലിണ്ടർ പൊട്ടിത്തെറിക്കാതെ ഇരുന്നതിനാലും വൻ ദുരന്തം ഒഴിവായി.എഴുകുംവയൽ പള്ളിക്കവല അഞ്ചാം വാർഡ് അംഗനവാടിയിൽ ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം.രാവിലെ അംഗനവാടിയിലെത്തിച്ച പുതിയ ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ചതിന് പിന്നാലെ റെഗുലേറ്റർ ഭാഗത്ത് നിന്നും തീ പടർന്നു.ഉടൻ തന്നെ സിലിണ്ടർ എത്തിച്ച ഓട്ടോ ഡ്രൈവർ ബിനോയിയും അദ്ധ്യാപിക ആൻസിയും ചേർന്ന് തീ കെടുത്താൻ ശ്രമിച്ചെങ്കിലും കൂടുതൽ ആളിപടർന്നു.അഗ്‌നിബാധയെ തുടർന്നുണ്ടായ പരിഭ്രാന്തിയിൽ അകത്തെ മുറിയിലേയ്ക്ക് ഓടിക്കയറിയ ആൻസി പുറത്തിറങ്ങാനാകാതെ അകപ്പെട്ടു.തുടർന്ന് പിൻവശത്തെ ജനാല വഴിയാണ് ഇവരെ പുറത്തെത്തിച്ചത്.പിന്നീട് ബിനോയ് ഗ്യാസ് സിലിണ്ടർ ഊരിമാറ്റി മുറ്റത്തെത്തിച്ചുവെങ്കിലും തീ കെടുത്താൻ കഴിയാതെ വന്നതോടെ ഫയർഫോഴ്‌സിൽ വിവരമറിയിച്ചു.വൈകാതെ കട്ടപ്പനയിൽ നിന്നും നെടുംങ്കണ്ടത്ത് നിന്നും എത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരാണ് തീ അണച്ചത്.റെഗുലേറ്ററിൽ നിന്നുണ്ടായ ചോർച്ചയോ അല്ലെങ്കിൽ ഗ്യാസ് സിലിണ്ടറിലെ വാഷറിനുണ്ടായ തകരാറോ ആകാം തീ പിടിയ്ക്കാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം.കുട്ടികൾ സ്‌കൂളിൽ എത്തുന്നതിന് മുൻപായി അപകടം നടന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.