കട്ടപ്പന : വിനോദ സഞ്ചാര പറുദീസയായ ഇടുക്കിയിൽ വ്യാജ ഗൈഡുകൾ പെരുകുന്നത് സന്ദർശകരെ അപകടക്കെണിയിലാക്കുന്നു.കഴിഞ്ഞ ആഴ്ച്ചയിൽ പെൺകുട്ടി ജലാശയത്തിൽ വീണ് മരിച്ചതാണ് ഒടുവിലത്തെ ഉദാഹരണം.വ്യാജ ഗൈഡുമാരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് അംഗീകൃത ഗൈഡുമാർ ജില്ലാ ഭരണകൂടത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ്.കൊവിഡിന് ശേഷം അന്യ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനത്ത് നിന്നും വിനോദ സഞ്ചാരികൾ എത്താൻ തുടങ്ങിയതോടെ ഇടുക്കിയിൽ വ്യാജ ഗൈഡുമാർ പെരുകി. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ,തേക്കടി,വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലാണ് അംഗീകാരമില്ലാത്ത ഗൈഡുമാർ വിനോദ സഞ്ചാരികളെ അപകട സാദ്ധ്യതയുള്ള ഇടങ്ങളിലടക്കം എത്തിക്കുന്നത്. ഇവരിൽ പലയാളുകൾക്കും പ്രാഥമിക ചികിത്സ സഹായം നൽകാൻ പോലും അറിയില്ല എന്നതാണ് വസ്തുത.കഴിഞ്ഞ ആഴ്ച്ചയിൽ ഇടുക്കി ജലാശയത്തിൽ പെൺകുട്ടി വീണ് മരിച്ചത് ഇത്തരം കെടുകാര്യസ്ഥതയുടെ അവസാനത്തെ ഉദാഹരണമാണ്.പ്രവേശന നിരോധനമുള്ള പല സ്ഥലങ്ങളിലേയ്ക്കും ഗൈഡുമാരായി പോകുന്നത് പ്രദേശവാസികളാണ്.ഒപ്പമുള്ള ടൂറിസ്റ്റുകളെ എങ്ങനെ നിയന്ത്രിക്കണമെന്ന് പോലും ഇവർക്ക് പരിഞ്ജാനമില്ല.

18 പ്രദേശിക ഗൈഡുമാർ മാത്രം

ജില്ലയിൽ ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള 18 പ്രദേശിക ഗൈഡുമാരാണ് പ്രവർത്തിക്കുന്നത്.വ്യാജ ഗൈഡുമാർ വിനോദ സഞ്ചാരികളെ അപകടത്തിൽപ്പെടുത്തുന്നത് ഇവരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.ടൂറിസം വകുപ്പിന്റെ പരിശീലനം നേടിയാണ് അംഗീകൃത ഗൈഡുമാർ പ്രവർത്തിക്കുന്നത് സഞ്ചാരികളെയുമായി ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയാൽ ആ ഭൂപ്രദേശത്തിന് യോജിച്ച നിർദ്ദേശങ്ങൾ നൽകാൻ ഇവർക്ക് കഴിയും.വ്യാജ ഗൈഡുമാർ വർദ്ധിച്ചതോടെ ജില്ലാ ഭരണകൂടത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ് അംഗീകൃത പ്രദേശിക ഗൈഡുമാർ.