padam

കരിമണ്ണൂർ: കരിമണ്ണൂർ പഞ്ചായത്തിലെ കുറുമ്പാലമറ്റത്ത് പാടം നികത്തലും തോട് കയ്യേറ്റവും വ്യാപകം. നാട്ടുകാരുടെയും പഞ്ചായത്ത് അധികൃതരുടെയും പരാതിയെ തുടർന്ന് പാടം നികത്തുന്നതിനു സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും തോട് കയ്യേറി കരിങ്കൽ കെട്ട് ഇപ്പോഴും തുടരുകയാണ്. ഇതിനെതിരെ നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ തോടിന്റെ യഥാർത്ഥ വീതിയും നീളവും കണ്ടെത്താനുള്ളശ്രമത്തിലാണ്. വർഷങ്ങൾക്ക് മുമ്പ് കരകണ്ടമായി മാറ്റിയ പാടശേഖരത്ത് ഒരു മാസം മുമ്പാണ് നികത്തൽ നടപടികൾ ആരംഭിച്ചത്. റവന്യു രേഖകളിൽ വയലെന്ന് കിടക്കുന്ന പാടശേഖരമാണ് ഭൂമി തരംമാറ്റാതെയും മറ്റ് അനുമതികൾ വാങ്ങാതെയും രാത്രിയുടെ മറവിൽ നികത്താൻ തുടങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ പഞ്ചായത്ത് അധികൃതരെയും വില്ലേജ് അധികൃതരെയും വിവരം അറിയിക്കുകയും അതേ തുടർന്ന് പാടം നികത്തുന്നത് തടഞ്ഞുകൊണ്ട് കരിമണ്ണൂർ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകുകയുമായിരുന്നു. എന്നാൽ സ്റ്റോപ്പ്‌മെമ്മോ നിലനിൽക്കെ തന്നെ രാത്രിയിൽ കൂടുതൽ വാഹനങ്ങൾ എത്തി പാടം മണ്ണിട്ട് നികത്തുകയായിരുന്നു. ജനപ്രതിനിധികൾ കരിമണ്ണൂർ വില്ലേജ് ഓഫീസർക്ക് വീണ്ടും നൽകിയ പരാതിയെ തുടർന്ന് ഇപ്പോൾ സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുകയാണ്. ഈ സ്റ്റോപ്പ് മെമ്മോ നിലനിൽക്കെയാണ് കഴിഞ്ഞ ദിവസം മുതൽ തോട് കയ്യേറി കരിങ്കൽകെട്ട് ആരംഭിച്ചിരിക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കരിമണ്ണൂർ പഞ്ചായത്ത് അധികൃതർ തോടിന്റെ യഥാർത്ഥ വീതി കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വില്ലേജ് ഓഫീസിൽ തോടിന്റെ വീതിയും നീളവും രേഖപ്പെടുത്തിയിട്ടില്ല. തോട് കയ്യേറിയതോടെ ഇത് വഴിയുള്ള നീരൊഴുക്ക് തടസ്സപ്പെടുന്ന അവസ്ഥയാണുള്ളത്. മഴക്കാലത്ത് തോട് കരകവിഞ്ഞ് ഒഴുകാനും പാടശേഖരത്തിലെ കൃഷി നശിക്കാനും സാധ്യതയുണ്ട്. വർഷകാലത്ത് നിറഞ്ഞ് ഒഴുകുന്ന തോടാണ് കയ്യേറി കരിങ്കൽ കെട്ടിയെടുത്തിരിക്കുന്നത്. പാടം നികത്തിയതിനെതിരെയും തോട് കയ്യേറിയതിനെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാനും റവന്യു മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനുമാണ് നാട്ടുകാരുടെ തീരുമാനം.