 
നെടുങ്കണ്ടം: വേനൽ കടുത്തതോടെ നെടുങ്കണ്ടം മേഖലയിൽ മൂന്നിടത്ത് തീപിടുത്തം. ഏക്കറ് കണക്കിന് സ്ഥലത്തെ പുൽമേടുകളും കൃഷി സ്ഥലവും കത്തി നശിച്ചു. പൊന്നാംകാണി മേട്ടകിൽ, ബേഡ്‌മെട്ട്, മൈനർസിറ്റി എന്നിവിടങ്ങളിലാണ് വൻ തീപിടുത്തങ്ങളുണ്ടായത്.
ബുധനാഴ്ച രാത്രി നെടുങ്കണ്ടം പഞ്ചായത്ത് ആറ്, ഏഴ് വാർഡുകളിലായുള്ള പൊന്നാംകാണി മേട്ടകിൽ പ്രദേശത്താണ് ആദ്യം തീപിടുത്തം ഉണ്ടായത്. സമീപവാസികളാരോ പുൽമേടിന് തീയിട്ടതാണെന്നാണ് വിവരം. തീപിടുത്തത്തിൽ അഞ്ചേക്കറോളം സ്ഥലത്തെ പുൽമേടും കുറ്റിക്കാടും കത്തിനശിച്ചു. നെടുങ്കണ്ടം അഗ്‌നിരക്ഷാനിലയത്തിൽ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്.
വ്യാഴാഴ്ച ഉച്ചയോടെ ബേഡ്‌മെട്ട് മാലിന്യ പ്ലാന്റിലേക്ക് പോകുന്ന വഴിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. പ്രദേശത്ത് ഏലത്തോട്ടമുള്ള സ്വകാര്യ വ്യക്തി സ്വന്തം തോട്ടം വെള്ളമൊഴിച്ച് നനച്ചിട്ട ശേഷം തോട്ടത്തിന്റെ അതിരിൽ മിലിന്യങ്ങളിട്ട് കത്തിക്കുകയായിരുന്നു. കാറ്റിൽ തീ സമീപത്തെ സ്ഥലത്തേക്ക് വ്യപിക്കുകയായിരുന്നു. പ്രദേശത്തെ മൂന്ന് ഏക്കറോളം പുൽമേടും കൃഷിസ്ഥലവും ഉൾപ്പെടുന്ന പ്രദേശ കത്തി നശിച്ചു.
തീ ബേഡ്‌മെട്ടിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപം വൃത്തിയാക്കിയ ശേഷം ഉണങ്ങാനിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് പടർന്നത് വിലയതോതിൽ വിഷപ്പുക ഉയരുന്നതിന് കാരണമായി മാലിന്യ പ്ലാന്റിന് സമീപത്തായുള്ള രണ്ടേക്കറോളം പുൽമേടും കത്തിനശിച്ചു. നെടുങ്കണ്ടം അഗ്‌നിരക്ഷാ നിലയത്തിലെ രണ്ട് യൂണിറ്റുകൾ എത്തി അഞ്ചര മണിക്കൂറോളം പരിശ്രമിച്ചാണ് തീയണക്കാനായത്. വൻ തുക ചിലവാക്കി പഞ്ചായത്ത് 50,000 ലിറ്ററോളം വെള്ളം എത്തിച്ചാണ് തീയണച്ചത്. സംഭവത്തിൽ മാലിന്യം കത്തിച്ച സ്വകാര്യ ഏലത്തോട്ടം ഉടമക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ അറിയിച്ചു