മുട്ടം: ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പിനായുള്ള മെഡിക്കൽ ബോർഡിലെ ഡോക്ടർമാർ എത്താൻ വൈകിയതിനെച്ചൊല്ലി പ്രതിഷേധം. രാവിലെ 10ന് തുടങ്ങുമെന്ന് അറിയിച്ച ക്യാമ്പിൽ പങ്കെടുക്കുന്നതിന് 9.30 മുതൽ തന്നെ ശാരീരിക വൈകല്യമുള്ള അപേക്ഷകരെത്തിയിരുന്നു. പരസഹായമില്ലാതെ ചലിക്കാൻ കഴിയാത്തവർ ബന്ധുക്കളുടെ സഹായത്തോടെ വാഹനത്തിലാണ് എത്തിയത്. പൂർണ്ണ വൈകല്യമുള്ള പലരും ഹാളിനകത്തേക്ക് പ്രവേശിക്കാനാവാതെ വാഹനത്തിൽ തന്നെയാണിരുന്നത്. പറഞ്ഞ സമയത്ത് തന്നെ എം.പി. ഡീൻ കുര്യാക്കോസും ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും എത്തിയെങ്കിലും ഏരെ നേരം കാത്തിരിക്കേണ്ടി വന്നു. ഉദ്ഘാടനം വൈകുന്നതിനാൽ പരിചിതമല്ലാത്ത സ്ഥലത്ത് ഏറെ സമയം നിൽക്കുന്നതിന്റെ അസ്വസ്ഥത പലരും പ്രകടിപ്പിക്കാൻ തുടങ്ങി. ഇതോടെ രക്ഷിതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി സംഘാടകരായ ജില്ലാ സാമൂഹിക നീതി വകുപ്പധികൃതരെ സമീപിച്ച് കാര്യം തിരക്കി. മെഡിക്കൽ ബോർഡിലെ ഡോക്ടർമാർ എത്താത്തതിനാൽ യോഗം വൈകുന്നു എന്നായിരുന്നു മറുപടി. ഒടുവിൽ 11.45 ഓടെയാണ് തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ നിന്നുള്ള മൂന്ന് ഡോക്ടർമാർ എത്തിയത്. ഈ സമയത്താണ് യോഗം തുടങ്ങാനായത്. എന്നാൽ മൂന്നാം തീയതിയിലെ ക്യാമ്പിൽ പങ്കെടുക്കണമെന്ന് കാട്ടി ഡി.എം.ഒ ഓഫീസിൽ നിന്നുള്ള അറിയിപ്പ് രണ്ടാം തീയതി വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് തങ്ങൾക്ക് ലഭിച്ചതെന്നും ഇതിനാൽ വൈകിയെന്നുമാണ് ഡോക്ടർമാർ പറയുന്നത്.