കട്ടപ്പന: പ്രവാസിയായ കാമുകനൊപ്പം കഴിയാനായി സ്വന്തം ഭർത്താവിന്റെ വാഹനത്തിൽ മാരക ലഹരി വസ്തുവായ എം ഡി എം എ വച്ച് കുടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മുൻ പഞ്ചായത്തംഗത്തെയും കൂട്ടാളികളെയും പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണത്തിന് സൗമ്യ ഉൾപ്പടെയുള്ള 3 പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. സൗമ്യയുടെ കാമുകൻ വിനോദ് രാജേന്ദ്രനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമവും അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്.ഫെബ്രുവരി 22 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാർക്കോട്ടിക് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് സൗമ്യയുടെ ഭർത്താവ് തൊട്ടാപ്പുരയ്ക്കൽ സുനിൽ വർഗ്ഗീസിന്റെ ബൈക്കിൽ നിന്ന് ഒളിപ്പിച്ച നിലയിൽ 5 ഗ്രാം എം ഡി എം എ കണ്ടെത്തിയത്. പിന്നീട് വണ്ടൻമേട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യയും കാമുകനും കുട്ടാളികളും ചേർന്ന് സുനിലിന്റെ വാഹനത്തിൽ എം.ഡി.എം.എ. വെച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്.സൗമ്യ എബ്രഹാമിന് ( 33 ) പുറമേ ലഹരി വണ്ടൻമേട്ടിൽ എത്തിച്ച് നൽകിയ കൊല്ലം സഹിയ മൻസിലിൽ ഷാനവാസ് (39)കൊല്ലം മുണ്ടയ്ക്കൽ അനുമോൻ മൻസിലിൽ ഷെഫിൻ ഷാ(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിടച്ചിരുന്നു.