 
നെടുങ്കണ്ടം: മസ്‌കുലർ ഡിസ്‌ട്രോഫി എന്ന അപൂർവ രോഗത്താൽ സ്‌കൂളിൽ പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് പൊന്നാമല ചിറയ്ക്കൽ ഷിബു -രമ്യ ദമ്പതികളുടെ മൂത്ത മകൻ അർജുൻ. സാമ്പത്തിക പരാധീനതകൾ മൂലം മകന് മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ് മാതാപിതാക്കളും. ബഥേൽ സെന്റ് ജേക്കബ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് അർജുൻ . രണ്ടാം വയസിലാണ് ഈ അപൂർവ്വ രോഗം തിരിച്ചറിയുന്നത്. അന്നുമുതൽ വിവിധ ആശുപത്രികളിൽ ചികിത്സ നടത്തി. നിലവിൽ ആയുർവേദ ചികിത്സയാണ് നൽകുന്നത്. 18 വയസുവരെ തുടർ ചികിത്സ നൽകേണ്ടതുണ്ട്. എന്നാൽ കൂലിവേലക്കാരായ മാതാപിതാക്കൾക്ക് ആശുപത്രി ചെലവുകൾക്കായി പണം കണ്ടെത്താനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. കാലുകൾക്ക് ബലമില്ലാത്തതിനാൽ പരസഹായമില്ലാതെ നടക്കാനാകാത്ത അവസ്ഥയാണ്അർജുനുള്ളത്. ഇതുകൂടാതെ അസഹനീയമായ വേദന മൂലം കഷ്ടപ്പെടുകയാണ് . ഇത് കണ്ടുനിൽക്കാൻ കഴിയാതെ മാതാപിതാക്കളും കടുത്ത മാനസിക വേദനയിലാണ്.
ഒരു മുറിയും അടുക്കളയും മാത്രമുള്ള ഇടുങ്ങിയ വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. ഇടുങ്ങിയ മുറിയായതിനാൽ കനത്ത ചൂടാണ് വീടിനുള്ളിൽ. ലൈഫ് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചിട്ടും ഈ നിർദ്ധന കുടുംബത്തിന് ഇതുവരെ വീട് അനുവദിച്ച് നൽകിയിട്ടില്ല. ഒരു വീൽ ചെയർ പോലും ഇല്ലാത്തതിനാലാണ് സ്‌കൂളിൽ അയയ്ക്കാൻ സാധിക്കാത്തത്. കൂട്ടുകാർക്കൊപ്പം അറിവിന്റെ ലോകത്ത് ഉല്ലസിക്കാൻ അർജുനും ആഗ്രഹമുണ്ട്. കൈപിടിച്ച് ഉയർത്താൻ കരുണയുള്ളവർ എത്തുമെന്ന് തന്നെയാണ് ഇവരുടെ പ്രതീക്ഷ.
അർജ്ജുനെ സഹായിക്കാൻ താൽപര്യമുള്ളവർ യൂണിയൻ ബാങ്ക് നെടുങ്കണ്ടം ശാഖയിൽ ഷിജുവിന്റെ പേരിലുള്ള 455 1020 100 27258 എന്ന അക്കൗണ്ടിലേക്ക് സംഭാവനകൾ നൽകാവുന്നതാണ്. ഐ.എഫ്.എസ്.സി: യു.ബി.ഐ.എൻ 0545511, ഗൂഗിൾ പേ: 9656882877.