dog
നായ

അയൽവാസിയുടെ നായ സ്വൈര്യ ജീവിതത്തിന് തടസ്സമാകുന്നുവെന്ന് പ്ലസ്ടു വിദ്യാർത്ഥിയുടെയും കുടുംബത്തിന്റെയും പരാതി


കട്ടപ്പന :ജർമ്മൻ ഷപ്പേർഡ്ഇനത്തിൽപ്പെട്ട വളർത്തു നായ സ്വൈര്യ ജീവിതത്തിനുംപഠനത്തിനും തടസ്സമാകുന്നുവെന്ന് കാട്ടി പ്ലസ്ടു വിദ്യാർത്ഥിയും കുടുംബവും പൊലീസിനെ സമീപിച്ചു.കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ തൊപ്പിപ്പാളയിലാണ് വ്യത്യസ്ഥമായ പരാതി ലഭിച്ചത് .തൊപ്പിപ്പാള കോമ്പാറയിൽ സാബുവും മകനുമാണ് പരാതിക്കാർ.ഇവരുടെ തൊട്ടടുത്ത അയൽവാസിയായ കിഴക്കേ വാഴക്കാല രാജു , മകൻ എബിൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.മൃഗങ്ങളെ മറ്റുള്ളവർക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വളർത്തിയതിനാണ് കേസെടുത്തിരിക്കുന്നതെന്ന് എസ് ഐ കെ ദീലിപ് കുമാർ പറഞ്ഞു.വളർത്തുനായ വിദ്യാർത്ഥിയ്ക്ക് ശല്യമായി മാറിയ കഥ ഇങ്ങനെ അടുത്തിടെയാണ് എബിൻ നായയെ വാങ്ങി വളർത്തുവാൻ തുടങ്ങിയത്. അയൽവാസിയായ സാബുവിന്റെ വീടിനോട് ചേർന്നുള്ള സ്ഥലത്താണ് നായയുടെ കൂട് സ്ഥാപിച്ചത്.എന്നാൽ എത്തിച്ച ദിവസം മുതൽ മിക്ക സമയത്തും നായ നിർത്താതെ കുരയ്ക്കുകയാണെന്നാണ് സാബുവും കുടുംബവും ആരോപിയ്ക്കുന്നത്. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് സാബുവിന്റെ മൂത്ത മകൻ ഇളയ മകനാണ് പ്ലസ്ടു വിദ്യാർത്ഥി.ഇവരുടെ മുറിയോട് ചേർന്നാണ് നായയുടെ കൂട് നിർമ്മിച്ചിരിക്കുന്നത്.നായയുടെ നിർത്താതെയുള്ള കുര കാരണം ഇരുവർക്കും ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുവാനോ ഉറങ്ങുവാനോ കഴിയാറില്ല.ഈ വിവരം രാജുവിനെയും,എബിനെയും അറിയിച്ചു. തുടർന്ന് ഒരു തവണ മാറ്റിക്കെട്ടിയെങ്കിലും വീണ്ടും കൂട്ടിലേക്ക് എത്തിച്ചു.ഇതിനിടെ സാബു കൊവിഡ് ബാധിതനായി മറ്റൊരു വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ സമയത്തും നായയുടെ ശല്യം രൂക്ഷമായി.ഇതേ തുടർന്ന് സാബുവിന്റെ മൂത്തമകൻ എബിനോട് കാര്യം അറിയിച്ചുവെങ്കിലും എബിൻ മോശമായി പെരുമാറി എന്നാണ് പരാതി.ഇതോടെയാണ് സാബുവും മക്കളും പൊലീസിനെ സമീപിച്ചത്.പരാതിയെ തുടർന്ന് ഇരുകൂട്ടരെയും സ്‌റ്റേഷനിൽ വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിച്ചിരുന്നു.പരാതി ഉണ്ടാകാത്ത തരത്തിൽ നായയെ വളർത്തണമെന്നായിരുന്നു പൊലീസ് രാജുവിന് നൽകിയ നിർദ്ദേശം.എന്നാൽ രണ്ടാഴ്ച്ചയ്ക്ക് ശേഷവും പരിഹാരം ഉണ്ടാകാതെ വന്നതോടെയാണ് സാബുവും പ്ലസ്ടു വിദ്യാർത്ഥിയുമായ മകനും നേരിട്ടെത്തി രേഖാമൂലം പരാതി നൽകിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരോടും രാജു മോശമായി പെരുമാറിയത്രേ.ഇതിനിടെ സാമൂഹിക മാദ്ധ്യമങ്ങളിൽ ഈ വിഷയം ചൂടുപിടിച്ച ചർച്ചയായി മാറി.ലൈസൻസ് അടക്കമുള്ള അനുമതിയോടെയാണോ നായയെ വളർത്തുന്നതെന്ന് പരിശോധിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് പൊലീസ് കത്ത് നൽകും.അയൽവാസികൾക്ക് ഉണ്ടാകുന്ന ശല്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജുവിനും ഉടൻ നോട്ടീസ് നൽകുമെന്നും പൊലീസ് അറിയിച്ചു.


• ഐപിസി 289 വകുപ്പ് പ്രകാരവും കേരള പൊലീസ് ആക്ട് 120(എൽ) പ്രകാരവുമാണ് കേസ്.മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിയാൽ തടവും പിഴയും ലഭിക്കാവുന്നതാണ് ഈ വകുപ്പുകൾ