ഇടുക്കി: ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിൽ മെഡിക്കൽ കോളേജിന്റെ നിർമാണ പ്രവർത്തന പുരോഗതി അവലോകനം ചെയ്തു. നിർമാണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കി നൽകണമെന്ന് കിറ്റ്‌കോ പ്രതിനിധികളോട് യോഗത്തിൽ ജില്ലാ വികസന കമ്മീഷണർ നിർദ്ദേശിച്ചു. ഇത്തവണ മെഡിക്കൽ കോളേജിൽ പഠനം തുടങ്ങാൻ സാധിക്കും. അംഗീകാരത്തിന് ആവശ്യമായ എല്ലാ നിബന്ധനകളും പൂർത്തിയായിട്ടുണ്ട്. മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ അഭാവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പുതിയ തസ്തികകൾ സൃഷ്ടിക്കാനും ജീവനക്കാരുടെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചും സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ജില്ലാ വികസന കമ്മീഷണർ പറഞ്ഞു. അംഗീകാരം ലഭിക്കാനായി അവസാനഘട്ടത്തിൽ ഒരുക്കേണ്ടവയെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. അക്കാദമിക് ബ്ലോക്ക്, ഹോസ്പിറ്റൽ ബ്ലോക്ക് 1 & 2, ലാബുകൾ, വിവിധ വകുപ്പുകൾ, മ്യൂസിയം, ജീവനക്കാരുടെ ലഭ്യത, തുടങ്ങിയവ യോഗത്തിൽ വിലയിരുത്തി. പുതിയതായി കൈമാറി ലഭിച്ച 50 ഏക്കർ സ്ഥലത്തിന്റെ പ്ലാനും യോഗത്തിൽ ചർച്ച ചെയ്തു. മെഡിക്കൽ കോളേജ് കെട്ടിടത്തോട് ചേർന്നുള്ള ജില്ലാ പഞ്ചായത്തിന്റെ സ്ഥലമാണ് മെഡിക്കൽ കോളേജിനായി ജില്ലാ പഞ്ചായത്ത് കൈമാറി നൽകിയത്. ഇവിടെ കെട്ടിടം പണിയുന്നതിന്റെ സാദ്ധ്യതകളും സ്ഥല സന്ദർശനത്തിലൂടെ പരിശോധിച്ചു. യോഗത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ഷീല ബി, ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, മെഡിക്കൽ കോളേജ് ടെക്‌നിക്കൽ കമ്മറ്റി ചെയർമാൻ ശ്രീകണ്ഠൻ നായർ, ഇടുക്കി തഹസീൽദാർ എ. മുഹമ്മദ് കുഞ്ഞ്, ആർഎംഒ ഡോ. അരുൺ എസ്, കിറ്റ്‌കോ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.