നെടുങ്കണ്ടം: നെടുങ്കണ്ടത്തിന് സമീപം ബേഡ്‌മെട്ട് മാലിന്യ സംസ്‌കരണ പ്ലാന്റിൽ അഗ്‌നിബാധയിൽ വിഷപ്പുക ശ്വസിച്ച് പ്രദേശവാസികൾക്കും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കും ദേഹാസ്വസ്ഥ്യം. 24 മണിക്കൂർ തീപ്പിടുത്തം തുടർന്നതോടെയാണ് പ്ലാസ്റ്റിക് അടക്കമുള്ള അസംസ്‌കൃത വസ്തുക്കൾ പുകഞ്ഞ് മേഖലയിൽ വിഷപ്പുക വ്യാപനമുണ്ടായത്. കുട്ടികൾക്കും മുതിർന്നവർക്കും ശ്വാസംമുട്ടലും തലവേദനയുമുണ്ടായതോടെ ജനങ്ങൾ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും പരാതി അറിയിച്ചു. ഇതിനിടെ തീയണക്കാനെത്തിയ 3 ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. അസ്വസ്ഥ അനുഭവപ്പെട്ടവർ ചികിത്സ തേടണമെന്ന് ഫയർഫോഴ്‌സ് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. പ്രാഥമിക ചികിത്സക്കു ശേഷം 3 പേരും അവധിയിൽ പ്രവേശിച്ചു. വ്യഴാഴ്ച ഉച്ചയ്ക്ക് മേഖലയിലെ ആരോ തീയിട്ടിരുന്നു. ഈ തീ പടർന്നു പിടിച്ചതോടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്കും വ്യാപിച്ചു. വ്യഴാഴ്ച ഫയർഫോഴ്‌സ് ഏഴ് മണിക്കൂർ തുടർച്ചയായി ശ്രമിച്ചിട്ടും തീയണക്കാൻ കഴിഞ്ഞില്ല. ഫയർഫോഴ്‌സ് യൂണിറ്റുകളിൽ വെള്ളം തീർന്നുപോയതും പ്രതിസന്ധി സൃഷ്ടിച്ചു. പഞ്ചായത്തും അടിയന്തരമായി 2000 ലീറ്റർ വീതം വെള്ളം സ്ഥലത്ത് എത്തിച്ചു. 40000 ലീറ്റർ വെള്ളം പമ്പ് ചെയ്തിട്ടും അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. പഞ്ചായത്തിടപ്പെട്ട് രാത്രി കാവലും ഏർപ്പെടുത്തിയിരുന്നു. ജനവാസ മേഖലയിലടക്കം തീ പടർന്ന് പിടിച്ചതോടെ ജനങ്ങളും രോഷാകുലരായി. ഇന്നലെ 3 ന് ശേഷമാണ് മേഖലയൊന്നാകെ വിഷപ്പുക കൊണ്ട് മുടിയത്. നെടുങ്കണ്ടം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ പി.ചന്ദ്രകാന്ത്, സണ്ണി ജോസഫ്, പി.പി.ഷാജി, ശരൺകുമാർ, ഡി. പ്രശോഭ്, പി.കെ. ചെല്ലപ്പൻ, റെജിമോൻ എന്നിവരടങ്ങുന്ന സംഘം വിഷപ്പുക വെള്ളം പമ്പ് ചെയ്ത് നിയന്ത്രണ വിധേയമാക്കി. സംസ്‌കരണ പ്ലാന്റിന് സമീപത്തേക്ക് തീപടർത്തിയവരെ കണ്ടെത്താൻ നെടുങ്കണ്ടം പൊലിസിന് പരാതി നൽകുമെന്ന് നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.