തൊടുപുഴ: കാർക്കശ്യക്കാരനായ കമ്മ്യൂണിസ്റ്റെന്ന് പേര് കേട്ട കെ.കെ. ജയചന്ദ്രൻ പാർട്ടിയിൽ കൂടുതൽ ഉയരങ്ങളിലേക്ക്. വർഷങ്ങളോളം ജില്ലയിലെ പാർട്ടിയെ നയിച്ച സഖാവിന് ലഭിച്ച പുതിയ അംഗീകാരമാണ് സംസ്ഥാന സെക്രട്ടറിയേറ്റംഗ്വതം. നിരവധി പട്ടയസമരങ്ങളിലും കർഷക-തോട്ടം തൊഴിലാളി സമരങ്ങളിലും പാർട്ടിയെ നയിച്ചിട്ടുണ്ട് ജയചന്ദ്രൻ. 2001, 2006, 2011 കാലയളവിൽ ഉടുമ്പൻചോലയിൽ നിന്നുള്ള ജനകീയനായ സാമാജികനായിരുന്നു. നിലവിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. 70കാരനായ ജയചന്ദ്രൻ വെള്ളത്തൂവൽ കുന്നത്ത് കൃഷ്ണൻ- ജാനകി ദമ്പതികളുടെ മകനായി 1951 ഡിസംബർ 20നാണ് ജനിച്ചത്. വിദ്യാർത്ഥിയായിരിക്കെ കെ.എസ്.വൈ.എഫിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. 1970ൽ വെള്ളത്തൂവൽ സർക്കാർ സ്‌കൂളിൽ കെ.എസ്.വൈ.എഫ് ജനറൽ സെക്രട്ടറിയായായി. 1972 ൽ ദേവികുളം താലൂക്ക് സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1970ലാണ് സി.പി.എം അംഗമാകുന്നത്. തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകിയതിനാൽ 72ലും 78 ലും കൊടിയ മർദനങ്ങൾ ഏൽക്കേണ്ടിവന്നു. 1973ൽ സി.പി.എം അടിമാലി ലോക്കൽ സെക്രട്ടറിയായി. 1980 മുതൽ രാജാക്കാട് ഏരിയ സെക്രട്ടറി, ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്, 1982ൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം, തുടർന്ന് സെക്രട്ടറിയേറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1989- 95 കാലയളവിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായി. 1995 ലാണ് ആദ്യമായി പാർട്ടി ജില്ലാ സെക്രട്ടറിയായത്. പിന്നീട് ജില്ലാ സെക്രട്ടറിയായ എം.എം. മണിയെ 2012ൽ യു.ഡി.എഫ് സർക്കാർ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ജയചന്ദ്രൻ ആക്ടിംഗ് സെക്രട്ടറിയായി. ഒരുവർഷം ചുമതല വഹിച്ചു. 2015 ജനുവരിയിൽ മൂന്നാർ സമ്മേളനത്തിലും 2018ലെ കട്ടപ്പന സമ്മേളനത്തിലും ജില്ലാ സെക്രട്ടറിയായി. കേരളാ പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ പ്രസിഡന്റുമാണ്. സെറിഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കുഞ്ചിത്തണ്ണിയിലാണ് താമസം. ഭാര്യ: ശ്രീദേവി. മക്കൾ: നീതു (നാഗ്പൂർ), അനന്തു (എറണാകുളം). മരുമക്കൾ: ഗിരീഷ് (എയർഫോഴ്‌സ്), നമിത (ടെകനോപാർക്ക്).